തിരുവനന്തപുരം: സംസ്ഥാനത്തെ അതിരൂക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കുമ്പോഴും കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ ഘടകക്ഷിയായ സിപിഎമ്മിന്‍റെ ജില്ല സമ്മേളനങ്ങൾക്ക് മാറ്റമില്ല. വിവാഹത്തിന് 50 പേർ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ എന്നിങ്ങനെയാക്കി ഒത്തുകൂടലുകൾക്ക് ആളുകളുടെ എണ്ണം കുറച്ചിട്ടും 150ലേറെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സിപിഎം ജില്ല സമ്മേളനങ്ങൾ മുന്നോട്ട് പോകുന്നത്.
ജില്ലകളെ എ, ബി, സി വിഭാഗങ്ങളായി തരംതിരിച്ച് കർശന നിയന്ത്രണത്തിന് കലക്‌ടർമാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ കടുത്ത പ്രതിഷേധങ്ങൾ പല ഭാഗത്തു നിന്നും ഉയരുന്നതിനിടയിലും കാസർകോട്, തൃശൂർ ജില്ല സമ്മേളനങ്ങൾ ഇന്ന് ആരംഭിച്ചു. സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍ നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റി വച്ച് മാതൃക കാട്ടുമ്പോഴാണ് സിപിഎം ജില്ല സമ്മേളനങ്ങൾ നടക്കുന്നത്.
വകവെക്കാതെ സിപിഎം
ഞായറാഴ്‌ചകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ഈ സമ്മേളനങ്ങളുടെ സമാപനം നിശ്ചയിച്ചിരിക്കുന്നത് ഞായറാഴ്‌ചയാണ്. സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ സാഹചര്യത്തിൽ ഞായറാഴ്‌ച നിശ്ചയിച്ചിട്ടുള്ള ജില്ല സമ്മേളനങ്ങളുടെ സമാപനം നടത്താനാകാത്ത സ്ഥിതിയാണ്. എന്നാല്‍ സമ്മേളനം നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ സിപിഎം നേതൃത്വത്തില്‍ നിന്നുണ്ടായിട്ടില്ല.
ഇതു സംബന്ധിച്ച ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനും കഴിഞ്ഞില്ല. സമ്മേളനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ നടക്കുമെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ആരോഗ്യമന്ത്രിയില്‍ നിന്നുണ്ടായത്.
സിപിഎമ്മുകാർ രോഗം വരുത്തണമെന്ന് ആഗ്രഹിക്കില്ലെന്നും സിപിഎം സമ്മേളനത്തിൽ പങ്കെടുത്തത് കൊണ്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നതെന്നുമുള്ള വിചിത്ര വാദമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനിൽ നിന്നും ഉണ്ടായത്. സിപിഎം ജില്ല സമ്മേളനത്തിനനുസരിച്ചാണ് ജില്ലകളെ തരം തിരിച്ചതെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു കഴിഞ്ഞു. കൊവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ല സമ്മേളനങ്ങള്‍ നടക്കുന്നതില്‍ സമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണുയരുന്നത്.