തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഈമാസം 17 മുതൽ തിരുവനന്തപുരത്ത് നടക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പുതിയ സമരമുഖം തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിൽ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി 19ന് സമാപിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ കേരള സർക്കാർ മറ്റുള്ളവർക്ക് വഴികാട്ടുന്നു എന്ന വിലയിരുത്തലാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് പൊതുവേയുള്ളത്.
പൗരത്വ നിയമത്തിനെതിരെ ആദ്യം സുപ്രീം കോടതിയെ സമീപിക്കുന്ന സംസ്ഥാനമായി കേരളം മാറി. നിയമത്തിനെതിരെ നിയമ സഭയിൽ ഐകകണ്ഠേന പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിപക്ഷത്തെ കൂടി സമരത്തിന്‍റെ ഭാഗമാക്കാന്‍ സാധിച്ചതോടെ യോഗത്തിലെ മുഖ്യ ആകര്‍ഷണം പിണറായി വിജയനാകും.
അതേ സമയം കോഴിക്കോട്ട് സി.പി.എം അനുഭാവികളായ രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയം യോഗത്തിൽ ചർച്ചയായേക്കും. വിദേശത്ത് ചികിത്സയിലായതിനാൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ പങ്കെടുക്കില്ല. പുത്തരിക്കണ്ടം മൈതാനിയിൽ പ്രകടനത്തോടെയാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന്‍റെ സമാപന സമ്മേളനം നടക്കുക.