തിരുവനന്തപുരം: തൃശൂര്‍ കേരള പൊലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്‌കൂളിലേക്ക് നായ കുട്ടികളെയും അവയ്‌ക്കുള്ള തീറ്റയും മരുന്നും വാങ്ങുന്നതിലും വ്യാപക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ട്രെയിനിങ് സെന്‍റര്‍ നോഡല്‍ ഓഫിസറും കെഎപി മൂന്നാം ബറ്റാലിയനിലെ അസി. കമാന്‍ഡന്‍റുമായ എസ്.എസ് സുരേഷിനെ ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്‌തു. പരാതിയില്‍ രഹസ്യാന്വേഷണം നടത്തിയ വിജിലന്‍സ് കഴിഞ്ഞ വര്‍ഷം അവസാനം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അസി.കമാന്‍ഡന്‍റ് എസ്.എസ് സുരേഷ് പ്രത്യേക താത്‌പര്യമെടുത്ത് അക്കാദമിയിലെ നായകളെ ചികിത്സിക്കുന്നതിന് ജില്ല ലാബ് ഓഫിസറായ ഡോ.സുനിത കരുണാകരനെ നിയോഗിച്ചതായി വിജിലന്‍സിന്‍റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുള്ള വേണാട് എന്‍റര്‍പ്രൈസസ് എന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നായകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിന് നിര്‍ദേശം നല്‍കി. പട്ടിക്കുഞ്ഞുങ്ങളെ വന്‍വില കൊടുത്താണ് പഞ്ചാബില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വാങ്ങിയത്.
മറ്റ് സേനകള്‍ വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് പട്ടിക്കുട്ടികളെ വാങ്ങിയതെന്ന് പരിശോധനയില്‍ കണ്ടെത്തി. 125 നായകളെ പരിശീലിപ്പിക്കാനുള്ള സൗകര്യം പൊലീസ് അക്കാദമിയില്‍ ഉണ്ടായിരിക്കേ താരതമ്യേന സൗകര്യമില്ലാത്ത കുട്ടിക്കാനം പോലുള്ള ക്യാംപുകളില്‍ നായകളെ പരിശീലിപ്പിക്കുന്നതായും വിജിലന്‍സിന്‍റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.
സുരേഷ് സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സെന്‍ററിലെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് 2022 നവംബറില്‍ വിജിലന്‍സ് ആവശ്യപ്പെട്ടു. തൃശൂരിലെ ട്രെയിനിങ് സെന്‍ററുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും പുറപ്പെടുവിക്കുന്നത് തിരുവനന്തപുരത്തെ ഓഫിസില്‍ നിന്നാണ്. അഴിമതി നിരോധന നിയമം (ഭേദഗതി) സെക്ഷന്‍ 17 എ പ്രകാരം അനുമതി നല്‍കാനാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്.
ഇതിന് അനുമതി നല്‍കിയതിനൊപ്പം സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാരും വിശദമായി പരിശോധിക്കുകയുണ്ടായെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
പൊലീസിന് കരുത്തേകാന്‍ ഡോഗ് സ്‌ക്വാഡ്: കേരള പൊലീസിന്‍റെ കേസ് അന്വേഷണങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് പൊലീസ് ഡോഗുകള്‍. സംസ്ഥാനത്ത് ഡോഗ് സ്‌ക്വാഡിലേക്ക് കഴിഞ്ഞ വര്‍ഷം നിരവധി പുതിയ നായക്കുട്ടികളെ വാങ്ങിയിരുന്നു. പുതുതായി കേരളം സ്വന്തമാക്കിയ അവയ്‌ക്ക് സംസ്ഥാന ഡോഗ് ട്രെയിനിങ് കോളജിലായിരുന്നു പരിശീലനം. ബെല്‍ജിയം മാലിനോയ്‌സ്, ജര്‍മന്‍ ഷെപേഡ്, ഗോള്‍ഡന്‍ റിട്രീവര്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട നായകളാണ് കഴിഞ്ഞ വര്‍ഷം കേരള പൊലീസിന്‍റെ ഡോഗ് സ്‌ക്വാഡിന്‍റെ ഭാഗമായത്.