തിരുവനന്തപുരം: മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ ഗോഡൗണുകളിൽ നിരന്തരം ഉണ്ടാക്കുന്ന തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് കാലത്ത് മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിന്‍റെ പേരിൽ അഴിമതി നടന്നു എന്ന ആരോപണത്തിൽ ലോകായുക്ത അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടാകുന്നത്.
'നേരത്തെ കൊല്ലത്ത് ഗോഡൗണിൽ തീപിടിത്തം ഉണ്ടായിരുന്നു. ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീ പിടിച്ചു എന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഇതേ വിശദീകരണമാണ് ഇപ്പോൾ തിരുവനന്തപുരത്തെ തീപിടിത്തത്തിലും നൽകിയിരിക്കുന്നത്. ഇത് അവിശ്വസനീയമാണ്. മരുന്നടക്കം സൂക്ഷിക്കുന്ന ഗോഡൗണിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്. ഇത് ഒരുക്കിയില്ലെങ്കിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയാണ് ഉണ്ടായിരിക്കുന്നത്', തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സതീശൻ പറഞ്ഞു.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ നടത്തിപ്പിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഗൗരവമായ വീഴ്‌ചയാണ് ഉണ്ടാകുന്നതെന്നും. രണ്ടു വർഷത്തിനിടെ ഒമ്പത് എംഡിമാരാണ് ഇവിടെ ജോലി ചെയ്‌തതെന്നും കോർപ്പറേഷൻ വലിയ രീതിയിൽ മരുന്നുകൾ വാങ്ങിക്കൂട്ടി അഴിമതി നടത്തുകയാണെന്നും സതീശൻ ആരോപിച്ചു. ഒരു വലിയ സംഘം തന്നെ ഇത്തരം അഴിമതികൾ നടത്താനായി പ്രവർത്തിക്കുന്നുണ്ട്. ഇത് കാരണമാണ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും ഓടി രക്ഷപ്പെടുന്നത്. കൃത്യസമയത്ത് ആവശ്യമുള്ള മരുന്നുകൾ വാങ്ങാതെ അഴിമതി നടത്താൻ സഹായകമായ കമ്പനിയുടെ മരുന്നുകൾ മാത്രം വാങ്ങുകയാണ്. കൃത്യമായ അന്വേഷണം നടന്നാൽ പല ഉന്നതരും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കഥകൾ ഒഴിവാക്കാൻ ആണ് ഈ തീപിടിത്ത നാടകം. ഇത് സർക്കാറിന്‍റെ സ്ഥിരം നടപടിയാണെന്ന് ആവർത്തിച്ച സതീശൻ സ്വർണ്ണ കടത്ത് അടക്കമുള്ള ആരോപണങ്ങൾ വന്നപ്പോൾ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫിസിലും ക്യാമറ അഴിമതി ആരോപണം വന്നപ്പോൾ വ്യവസായ മന്ത്രിയുടെ ഓഫിസിലും തീപിടിത്തം ഉണ്ടായതായി ചൂണ്ടിക്കാണിച്ചു. അഴിമതി ആരോപണം ഉന്നയിക്കുമ്പോൾ തീപിടിത്തം നിരന്തരമായി സംഭവിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
താനൂർ ബോട്ട് അപകടത്തിൽ കൃത്യമായ ഒരു അന്വേഷണവും നടക്കുന്നില്ല. പൊലീസ് അന്വേഷണം എങ്ങും എത്താതെ നടക്കുകയാണ്. ബോട്ട് അപകടത്തിൽ ഉദ്യോഗസ്ഥ വീഴ്‌ച കൃത്യമാണ്. ഇത് കണ്ടെത്താൻ ആവശ്യമായ ഒരു അന്വേഷണവും നടക്കുന്നില്ല. ഉദ്യോഗസ്ഥ വീഴ്‌ച അന്വേഷിച്ചാൽ മന്ത്രി അബ്‌ദുറഹ്മാൻ അടക്കം പല ഉന്നതരും കുടുങ്ങും. അതിനാലാണ് ഈ മെല്ലെ പോക്ക്. ഇത്തരത്തിൽ ഭരണകൂടം പ്രതിസ്ഥാനത്ത് വരുന്ന എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണെന്നും സതീശൻ ആരോപിച്ചു. പ്രസ്‌മീറ്റ് ആരംഭിക്കുന്നതിന് മുമ്പ് തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ ഉണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ചാക്ക യൂണിറ്റിലെ ഫയർമാൻ ജെ.എസ് രഞ്ജിത്തിന് വിഡി സതീശൻ ആദരാഞ്ജലിയും രേഖപ്പെടുത്തി.