തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകളെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒക്ടോബര്‍ 1 മുതല്‍ 14 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നത്. കേരളവും ഫിന്‍ലാന്‍റും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയടക്കം ഫിന്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്.
മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. നോര്‍വെ ഫിഷറീസ്&ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്കെജറന്‍ ഈ മേഖലയിലെ വാണിജ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോര്‍വീജിയന്‍ ജിയോടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ധിച്ച് വരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.
ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്ത ആഴ്‌ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് ഈ യാത്ര.
സെപ്റ്റംബര്‍ 19 നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും അവര്‍ പങ്കെടുക്കും.