തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് രോഗവ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തിലെന്നും അടുത്തത് സമൂഹവ്യാപനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വ്യാപന മാനദണ്ഡങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ചില പ്രദേശങ്ങളിലും ജനവിഭാഗങ്ങളിലും കേന്ദ്രീകരിച്ചുള്ള വ്യാപനം വ്യക്തമാക്കി ക്ലസ്റ്ററുകൾ രൂപപ്പെടുന്നതാണ് മൂന്നാം ഘട്ടം.തിരുവനന്തപുരത്തും മലപ്പുറത്തും ക്ലസ്റ്ററുകൾ രൂപപ്പെട്ടു കഴിഞ്ഞു. അടുത്തഘട്ടം സമൂഹവ്യാപനമാണെന്നും കടുത്ത ജാഗ്രത വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വർഷാവസാനത്തോടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം നീണ്ട പ്രവർത്തനം കൊണ്ട് നിപയെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആറു മാസമായി നീളുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്വാഭാവികമായ തളർച്ച സംഭവിച്ചിട്ടുണ്ട്. നാട്ടുകാരിൽ ചിലരും രോഗ പ്രതിരോധ നടപടികളിൽ ഉദാസീനത കാട്ടുന്നുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം നമ്മുടെ തന്നെ അശ്രദ്ധ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പ്രവർത്തനം വിപുലീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം. പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബശ്രീ, ഐ സി ഡി സ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഇവർ ഏകോപിപ്പിക്കണം. രോഗികൾക്ക് വൈദ്യസഹായമെത്തിക്കൽ, മാറ്റിപ്പാർപ്പിക്കൽ, ബോധവത്കരണം, പ്രായാധിക്യമുള്ളവരെയും ഇതര രോഗങ്ങൾ ഉള്ളവരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സംരക്ഷിക്കൽ തുടങ്ങിയവയ്ക്ക് വാർഡ് മെമ്പർമാരും കൗൺസിലർമാരും മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.