തിരുവനന്തപുരം: മനുഷ്യൻ മതത്തിന്റെ പേരിൽ തെരുവിൽ കൊല ചെയ്യപ്പെടുമ്പോൾ റോസാ പൂവിന്റെ സൗരഭ്യത്തെ കുറിച്ചല്ല സാഹിത്യകാരന്മാര്‍ എഴുതേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയെ നോക്കുകുത്തിയാക്കി കൊണ്ട് ഒരു കൂട്ടർ നടത്തിയ പൗരത്വഭേതഗതിയെ വിജയിക്കാൻ അനുവദിച്ചുകൂടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളാ സർവ്വകലാശാലയുടെ ഒ.എൻ.വി പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ വിഭജനം പോലുള്ള ചരിത്രം ആവർത്തിച്ചുകൂടായെന്നും ഇനി ഒരു കൂട്ട പാലായനം ഇന്ത്യയിൽ ഉണ്ടായിക്കൂടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള സർവ്വകലാശാല വൈസ് ചാൻസിലർ വി.പി മഹാദേവൻപിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒ.എൻ.വി കുറുപ്പിന്‍റെ ഭാര്യ പി.പി സരോജിനി, പ്രോ വൈസ് ചാൻസിലർ പ്രൊഫ. പി.പി അജയകുമാർ, മലയാളം വിഭാഗം അദ്ധ്യക്ഷ ഡോ.എസ് ഷിഫ തുടങ്ങിയവര്‍ പങ്കെടുത്തു.