തിരുവനന്തപുരം: ഹൈക്കോടതി വിധി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ. തെരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നത് വിലക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പോകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. വിധിയുടെ പശ്ചാത്തലത്തിൽ വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതുൾപ്പടെയുള്ള നടപടികൾ നിർത്തിവെക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
2019ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനുള്ള തുടർ നടപടികൾക്ക് പത്ത് കോടി രൂപയോളം അധിക ചെലവ് വരും. 2015ലെ വോട്ടർ പട്ടികയെ അപേക്ഷിച്ച് പത്ത് ലക്ഷം പേരുടെ വ്യത്യാസമേ 2019ലെ പട്ടികയിലുള്ളൂ. 15.20 ലക്ഷം പേർ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. 2019ലെ ലോക്‌സഭാ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശതെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. 2020 ഫെബ്രുവരി ഏഴ് വരെയുള്ള പേരുകള്‍ കൂടി ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക തയാറാക്കാനും അതനുസരിച്ചു തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്.