തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെ തുടർന്ന് കെഎസ്‌ആർടിസി ജീവനക്കാരുടെ സമരം തുടരുന്നു. ബിഎംഎസും ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും. ടിഡിഎഫിൻ്റെ രാപ്പകൽ സമരം കെഎസ്‌ആർടിസി ആസ്ഥാനത്ത് തുടരുകയാണ്.
സിഐടിയുവും ഇവിടെ സമരത്തിലാണ്. അതേസമയം സർക്കാർ അനുവദിച്ച 30 കോടി നാളെ(ജൂണ്‍ 8) ലഭിച്ചേക്കും. ഇത് കിട്ടിയാലും ശമ്പള വിതരണം നടക്കില്ലെന്നാണ് കണക്കുകൂട്ടൽ. 82 കോടിയാണ് ശമ്പള വിതരണത്തിന് വേണ്ടത്. കഴിഞ്ഞ മാസം 50 കോടി ഓവർ ഡ്രാഫ്‌റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്‌തത്.
ഈ പണം തിരിച്ച് അടച്ചാലേ വീണ്ടും പണം ലഭിക്കുകയുളളു. കഴിഞ്ഞ മാസം വരുമാനം 194 കോടിയായിരുന്നു. 30 കോടി അധിക വരുമാനമായി ലഭിച്ചിട്ടും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ മാനേജ്‌മെൻ്റ് പണം നീക്കിവെക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
ആറാം തിയതിയായിട്ടും മേയ് മാസത്തെ ശമ്പള വിതരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്‌ചയാണ്(06.06.2022) സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ സമരം ആരംഭിച്ചത്. എന്നാല്‍ കെഎസ്‌ആര്‍ടിസിക്ക് വരുമാന നഷ്‌ടമുണ്ടാക്കുന്ന തരത്തില്‍ പണിമുടക്കിലേക്ക് തത്‌കാലം പോകേണ്ടെന്നാണ് യൂണിയനുകളുടെ തീരുമാനം.