തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്തു മുങ്ങുന്ന ജീവനക്കാരെ പിടികൂടാൻ അക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നു. കൊച്ചി മെട്രോയിലും അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലും നടപ്പാക്കിയ മാതൃകയിലാണ് സംവിധാനം. ഇതുവഴി ജീവനക്കാരുടെയും സന്ദർശകരുടെയും സഞ്ചാരം നിയന്ത്രിക്കാനും ജീവനക്കാർ ഓഫീസിലുണ്ടായിരുന്ന സമയം രേഖപ്പെടുത്താനുമാവും.
ഡ്യൂട്ടി സമയത്ത് പുറത്തിറങ്ങിയാൽ തിരിച്ചു കയറുന്നതു വരെയുള്ള സമയം ഹാജരിൽ കുറയും. അക്‌സസ് കൺട്രോൾ സംവിധാനത്തെ ജീവനക്കാരുടെ അറ്റൻഡൻസ് മാനേജ്മെൻ്റ് സംവിധാനം വഴി സ്‌പാർക്ക് ശമ്പള വിതരണ സോഫ്റ്റ് വെയറിലേക്ക് ബന്ധിപ്പിക്കും. ജോലി സംബന്ധമായാണ് പുറത്തിറങ്ങുന്നതെങ്കിൽ രേഖാമൂലം വിശദീകരണം നൽകണം. ഏഴു മണിക്കൂർ ജോലി ചെയ്തില്ലെങ്കിൽ അവധി രേഖപ്പെടുത്തും. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രം തുറക്കുന്ന ഗേറ്റുകൾ സെക്രട്ടേറിയറ്റിൻ്റെ നാലു കവാടങ്ങളിലും അനക്‌സിലെ നാലു കവാടങ്ങളിലും സ്ഥാപിക്കും. കയറാനും ഇറങ്ങാനും കാർഡു വേണം. കൊച്ചി മെട്രോ ലിമിറ്റഡിൻ്റെ സാങ്കേതിക സഹായത്തോടെ കെൽട്രോൺ വഴി 1.95 കോടി രൂപയ്ക്കാണ് പദ്ധതി നടപ്പാക്കുന്നത്. സെക്രട്ടേറിയറ്റിലെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായാണ് തീരുമാനം.