പത്തനംതിട്ട: ക്ഷേത്രത്തിൽ വിവാഹ ചടങ്ങിലെത്തിയ വയോധികയുടെ സ്വർണമാല മോഷ്‌ടിച്ച രണ്ട് നാടോടി സ്ത്രീകളെ പൊലീസ് അറസ്‌റ്റ് ചെയ്തു. നാല് പവൻ സ്വർണമാലയാണ് മോഷ്‌ടിച്ചത്. തമിഴ്‌നാട് വേളൂർ സ്വദേശിനി മാലിനി (30), കൃഷ ഗിരി സ്വദേശിനി ജിബ (50) എന്നിവരാണ് കൂടൽ പൊലീസിന്‍റെ പിടിയിലായത്.
കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിൽ ഞായറാഴ്‌ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം. അയൽവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ആരുവാപ്പുലം അതിരുങ്കൽ സ്വദേശിനി സുമതിയുടെ (70) മാലയാണ് അപഹരിക്കപ്പെട്ടത്. മാല നഷ്‌ടമായത് തിരിച്ചറിഞ്ഞ സുമതി ബഹളം കൂട്ടിയപ്പോൾ, സംശയകരമായ നിലയിൽ കണ്ട തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയായിരുന്നു.
സുമതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ്, പ്രതികളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു. ഇവരുടെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും മാല കണ്ടെടുക്കുകയും ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
കൂടൽ പൊലീസ് ഇൻസ്‌പെക്‌ടർ ജി പുഷ്‌പകുമാർ, എസ് ഐ ദിജേഷ്, എസ് സി പി ഓമാരായ അജിത്, ജയശ്രീ, സി പി ഓമാരായ ആദിത്യ ദീപം, രതീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച്ച കോന്നിയിൽ ബസിൽ യാത്ര ചെയ്‌ത സ്ത്രീയുടെ ബാഗിൽ നിന്നും പണം കവർന്ന രണ്ട് നാടോടി സ്ത്രീകളെ കോന്നി പൊലീസ് പിടികൂടിയിരുന്നു.