പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആധുനിക ബ്ലോക്ക് നിർമിക്കാൻ പദ്ധതി തയാറാകുന്നു. ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചറിന് വീണാ ജോർജ് എംഎൽഎ നിവേദനം നൽകിയതിനെ തുടർന്നാണ് കോഴഞ്ചേരി ആശുപത്രി ആരോഗ്യ വകുപ്പ് തെരഞ്ഞെടുത്തത്. ഒ പി, കാഷ്വാലിറ്റി, ഡയഗനോസ്റ്റിക് വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള ബ്ലോക്കിനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുന്നതെന്ന് വീണാ ജോർജ് എംഎൽഎ അറിയിച്ചു. ഇപ്പോഴത്തെ കാഷ്വാലിറ്റി വിഭാഗം നിൽക്കുന്ന സ്ഥാനത്ത് പുതിയ കെട്ടിടം നിർമിക്കാനാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടത്തിലാണ് കാഷ്വാലിറ്റി ഇപ്പോൾ പ്രവർത്തിക്കുന്നത്.
30 കോടി രൂപയ്ക്കടുത്താണ് എസ്റ്റിമേറ്റ് പ്രതീക്ഷിക്കുന്നത്. അവിടെ നിർമിക്കാൻ കഴിയുന്ന പരമാവധി നിലകൾ ഉൾപ്പെടുത്തിയാണ് പുതിയ പ്ലാൻ തയ്യാറാക്കുന്നത്. ഹൈറ്റ്സിനാണ് നിർമാണച്ചുമതല. പ്ലാൻ തയാറാക്കുന്നതിനായി ഹൈറ്റ്സിന്‍റെ സാങ്കേതിക വിദഗ്ധർ സ്ഥലം സന്ദർശിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുള്ളതിനാൽ പുതിയ ഒപി ബ്ലോക്ക് ഏറ്റവും പ്രയോജനപ്പെടുമെന്ന് എംഎൽഎ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കാത്ത് ലാബും, ഐസിയുവും നിർമിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. കൂടാതെ ജനറൽ ആശുപത്രിയിൽ ഒപി ബ്ലോക്കിന് വേണ്ടി സംസ്ഥാന ബജറ്റിൽ നാലുകോടി രൂപ അനുവദിച്ചിരുന്നു. ആശുപത്രി നിർമാണത്തിനായി ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കും.