പത്തനംതിട്ട : ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയ്ക്കായി എല്ലാ നിലയിലുമുള്ള ഇടപെടലുകളും നടത്തുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്. ശബരിമല സന്നിധാനത്തെ പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ മുറികളുടെ ഓണ്‍ലൈന്‍ ബുക്കിംഗിന്‍റെ ഉദ്ഘാടനവും പത്തനംതിട്ട വിശ്രമ മന്ദിരത്തിന്‍റെ വി.ഐ.പി ബ്ലോക്കിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Online booking for Sabarimala pilgrims : ഇനി മുതല്‍ തീര്‍ഥാടകര്‍ക്ക് https://resthouse.pwd.kerala.gov.in/resthouse എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി സന്നിധാനത്ത് മുറികള്‍ ബുക്ക് ചെയ്യാന്‍ കഴിയും. കേരളത്തിലെ പൊതുമരാമത്ത് വിശ്രമ മന്ദിരങ്ങള്‍ സ്‌ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ 150 പൊതുമരാമത്ത് വിശ്രമ മന്ദിരങ്ങളുടെ 1151 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിംഗിനായി ഒരുക്കിയിട്ടുള്ളത്. 5507 പേര്‍ ഇതിനകം ഓണ്‍ലൈനായി മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 42 ലക്ഷത്തിലധികം രൂപ പൊതുമരാമത്ത് വകുപ്പിന് ഇതുവഴി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
റസ്‌റ്റ് ഹൗസുകളുടെ ഏകോപനം ജനങ്ങളുടെ പരാതികള്‍ എന്നിവ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 55 ലക്ഷം രൂപ ചെലവില്‍ ആധുനിക രീതിയില്‍ ഫര്‍ണിഷ് ചെയ്‌ത് ഒരു മാസംകൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ മന്ത്രി ചടങ്ങിൽ അഭിനന്ദിക്കുകയും ചെയ്‌തു.
മൂന്നു നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള പുതിയ വി.ഐ.പി. ബ്ലോക്കില്‍ രണ്ട് വി.ഐ.പി സ്യൂട്ട് റൂമുകള്‍, ആറ് വി.ഐ.പി റൂമുകള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍. ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read : Kerala Covid Updates | സംസ്ഥാനത്ത് 3377 പേര്‍ക്ക് കൂടി കൊവിഡ്; 28 മരണം