പത്തനംതിട്ട: യുവതിയെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച് സംസാരിക്കാൻ വീട്ടിൽ വിളിച്ചുവരുത്തിയശേഷം യുവതിയെ മർദ്ദിച്ചതായാണ് കേസ്. കോയിപ്രം നെല്ലിമല തൈപ്പറമ്പിൽ ജോഷി ജോൺ (26) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.
നെല്ലിമല കുന്നത്തുംകര സ്വദേശിനിയെയാണ് ഇയാളും രണ്ടാം പ്രതിയായ സഹോദരിയും ചേർന്ന് മർദിച്ചത്. വെള്ളിയാഴ്‌ച(26.08.2022) വൈകിട്ട് ഏഴരയ്‌ക്ക് പ്രതികളുടെ വീട്ടിൽ വച്ചാണ് സംഭവം. ഇവരുടെ പിതാവ് യുവതിയുടെ അച്ഛനിൽ നിന്നും കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കാൻ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം ഇരുവരും ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും, പണം കൊടുക്കാതെ അപമാനിച്ച് ഇറക്കിവിടുകയുമായിരുന്നു.
ഒന്നാം പ്രതി ജോഷി ജോൺ മുഖത്തിടിച്ച് ചുണ്ടിൽ മുറിവേൽപ്പിക്കുകയും, ഇയാളുടെ സഹോദരി യുവതിയുടെ മുടിയിൽ പിടിച്ച് തള്ളി താഴെയിട്ടപ്പോൾ ജോഷി ഇടതു കൈമുട്ടിൽ ചവിട്ടുകയും മാനഹാനിക്കിടയാക്കുകയും ചെയ്‌തു എന്നതാണ് കേസ്. തുടർന്ന് യുവതി സ്റ്റേഷനിലെത്തി മൊഴി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കോയിപ്രം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം അന്വേഷണം ഊർജിതമാക്കുകയും, ജോഷിയെ ഇയാളുടെ വീട്ടിൽ നിന്നും ഇന്നലെ(27.08.2022) രാവിലെ കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
ജോഷി ജോണിന്‍റെ പിതാവിന്‍റെ മൊഴി പ്രകാരം യുവതിയ്‌ക്കെതിരെയും ദേഹോപദ്രവം എൽപ്പിച്ചു എന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇരുവീട്ടുകാരും അയൽവാസികളാണ്. ജോഷിയുടെ പിതാവ് ജോൺ പലതവണയായി യുവതിയുടെ അച്ഛനിൽ നിന്നും പത്ത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു.
ഇതിൽ 3,80,000 രൂപ തിരികെ നൽകി. യുവതിയുടെ വിവാഹ ആവശ്യത്തിന് വച്ചിരുന്ന പണമാണ് കടമായി നൽകിയത്. ജോണിന്‍റെ ഇളയ മകന് അപകടം സംഭവിച്ചപ്പോഴും, പിന്നീട് വീട് വയ്‌ക്കാനുമായിരുന്നു രണ്ട് തവണയായി പത്ത് ലക്ഷം രൂപ നൽകിയത്.
യുവതിയുടെ വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് പിതാവ് ബാക്കി തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഭാര്യയും മകളുമായി വീട്ടിൽ ചെല്ലാൻ അറിയിച്ചത് പ്രകാരം എത്തുകയും തുകയുടെ കണക്കു പറഞ്ഞുകൊണ്ട് പ്രതികൾ യുവതിയെ മർദിക്കുകയുമായിരുന്നു. പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ അനൂപ്, എസ്‌സിപിഒ മാത്യു എന്നിവരാണ് ഉള്ളത്.