ശബരിമല: മണ്ഡല പൂജയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. പമ്പയും നിലക്കലും എരുമേലിയും അയ്യപ്പന്മാരെ കൊണ്ട് നിറഞ്ഞു. ഇതോടെ പൊലീസ് നിയന്ത്രണം കർശനമാക്കി. നിലക്കലിലേയ്ക്കുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. മണിക്കൂറുകളായി വാഹനങ്ങളിൽ കുടുങ്ങിയവർ പൊലീസിനെതിരെ പ്രതിഷേധം ശക്തമാക്കി. വെള്ളവും, ഭക്ഷണവും കിട്ടാതെ ക്യൂവിലകപ്പെട്ട ഭക്തർ നിലക്കലിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞു. കെ.എസ്. ആർ.ടി.സി ബസ്സിന് നേരെ കല്ലേറുമുണ്ടായി. ശരംകുത്തി, ശബരിപീഠം, മരക്കൂട്ടം എന്നിവിടങ്ങളിൽ പൊലീസ് ഭക്തരെ തടയുന്നുണ്ട്.
പത്തനംതട്ടയിൽ നിന്നുമുള്ള വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അയ്യപ്പന്മാർ വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് കാൽ നടയായാണ് നിലക്കലിലേക്കെത്തുന്നത്. പമ്പയിൽ നിന്നും പത്ത് മണിക്കൂർ വരെ ക്യൂ നിന്നാലാണ് സന്നിധാനത്ത് പ്രവേശിക്കാനാവുക.
തിരക്ക് വർധിച്ച സാഹചര്യത്തിൽ എങ്ങനെ ഇത് മിറകടക്കാനാകുമെന്ന ആശങ്കയിലാണ് ദേവസ്വം ബോർഡ്. അതേ സമയം നടപ്പന്തലിൽ നിന്ന് പതിനെട്ടാം പടി വഴി അയ്യപ്പന്മാരെ കടത്തിവിടുന്നതിലെ പാളിച്ചയാണ് തിരക്ക് വർധിക്കാന്‍ കാരണമെന്നാണ് ആരോപണം. മുൻ വർഷങ്ങളിൽ തിരക്കുള്ള സമയങ്ങളിൽ ഒരു മിനുട്ടിൽ 85 മുതൽ 110 ഓളം പേരാണ് പതിനെട്ടാം പടി ചവിട്ടിയിരുന്നത്. ഇത്തവണ തിരക്ക് വർധിച്ചിട്ടും പതിനെട്ടാം പടി ചവിട്ടുന്ന തീർത്ഥാടകരുടെ എണ്ണം 60 നും 70 നും ഇടയിലാണ്.
കുമളിയിൽ നിന്നും വണ്ടി പെരിയാർ പുല്മേട് വഴി കാനന പാതയിലൂടെ സാന്നിധാനത്ത് എത്തിയ തീർത്ഥാടകരെ വാവര് നടക്ക് സമീപം എസ്ഒയുടെ നിർദേശ പ്രകാരം മണിക്കൂറുകളോളം തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം കാരണം വാവര് നടക്ക് സമീപമുള്ള ഗേറ്റ് അടച്ചു. അതെസമയം 26 ന് സൂര്യഗ്രഹണമായതിനാൽ നാല് മണിക്കൂർ തിരുനട അടച്ചിടും.