പത്തനംതിട്ട : ജില്ലയിലെ കിഴക്കൻ വനമേഖലയില്‍ വീണ്ടും കനത്ത മഴ പെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട് (Heavy Rain In Pathanamthitta). ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി.
നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയര്‍ത്തി. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് വൈകിട്ടോടെ ആരംഭിച്ച മഴ ഇന്നലെ ശമിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ മഴ വീണ്ടും ശക്തമായി. ജില്ലയിലെ വനമേഖലകളില്‍ ശക്തമായ മഴയും ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉള്‍വനത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.
കനത്ത മഴ പെയ്യുന്ന സാഹച്യത്തില്‍ ഗവിയിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (4.9.23) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ഇനിയുള്ള 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായി കാലാവസ്ഥ പ്രവചനമുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്‌ടർ അറിയിച്ചു.
പത്തനംതിട്ടയിൽ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകുന്നതല്ല എന്ന് ജില്ല കലക്‌ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പത്തനംതിട്ട ജില്ലയിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ പരിസര പ്രദേശങ്ങളിൽ ശക്തമായ മഴയാണ് തുടരെ ലഭിക്കുന്നത്. മൂഴിയാർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ നിലവിൽ തുറന്നിരിക്കുകയാണ്. പമ്പ നദിയിലെ ജലനിരപ്പ് ഇതുമൂലം നേരിയ തോതിൽ (പരമാവധി 10 സെ.മീ) ഉയരും.
കഴിഞ്ഞ ദിവസം ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇന്നലെ സീതത്തോട് പഞ്ചായത്തിൽ മണ്ണിടിച്ചിൽ റിപ്പോര്‍ട്ട് ചെയ്‌തു. പരിസരപ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്. റോഡ് ഗതാഗത തടസം നീക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും നിര്‍ദേശമുണ്ട്. ഗവിയിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ താത്‌കാലികമായി നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ജില്ലയില്‍ പ്രളയ സാധ്യത നിലവിലില്ല. കനത്ത മഴ തുടരുന്നതിനാൽ ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് കാലവസ്‌ഥ നീരിക്ഷകരുടെ അനുമാനം. മഴയ്‌ക്ക് ശമനമില്ലെങ്കിൽ നിലവിലെ സ്‌ഥിതി മോശമാകാനുള്ള സാധ്യതയാണു അധിക്യതർ മുന്നിൽ കാണുന്നത്.