പത്തനംതിട്ട: വയോധികയെ ആശുപത്രി ബില്ലടക്കാൻ സഹായിച്ച് ചിറ്റയം ഗോപകുമാർ എംഎൽഎ. അടൂർ പാറക്കൂട്ടം ചെരുവിള പുത്തൻവീട്ടിൽ സരസമ്മ (75) ക്കാണ് എംഎല്‍എ സഹായഹസ്തവുമായി എത്തിയത്. അടൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ നിന്നും ഹൃദയ സംബന്ധമായ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് പന്തളത്ത് വച്ച് ആരോഗ്യസ്ഥിതി മോശമാവുകയും സിഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെ വച്ച് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ബിൽ അടക്കാൻ തുക മതിയാകാതെ വന്നു.
ഈ വിവരം ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം ജീവകാരുണ്യ പ്രവർത്തകനായ ജോർജ് മുരിക്കനുമായി ബന്ധപ്പെട്ട് ആശുപത്രി ബില്ലുകൾ തീർത്ത് തുടർ ചികിത്സക്കായി അടൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എംഎൽഎ നേരിട്ട് സ്ഥലത്ത് എത്തി ആശുപത്രി അധികൃതരോട് സംസാരിച്ച് ബിൽ തുക അടക്കുകയായിരുന്നു. ചികിത്സ സംബന്ധിച്ച എല്ലാ സഹായവും വാഗ്ദാനം ചെയ്തശേഷമാണ് എംഎൽഎയും സംഘവും മടങ്ങിയത്.