പത്തനംതിട്ട : പതിനാറുകാരിയെ സഹോദരനും അമ്മാവനും ഉൾപ്പെടെ അഞ്ചുപേർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കേസില്‍ സഹോദരനും അമ്മാവനും സുഹൃത്തുക്കളും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതിയായ പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ ഒളിവിലാണ്.
ഒരുവർഷത്തിലേറെ പീഡനം: പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെൺകുട്ടി ഒരു വര്‍ഷത്തിലധികമായി പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. സ്വന്തം വീട്ടില്‍ സഹോദരന്‍റെ ലൈംഗികപീഡനത്തിന് ഇരയായതിനെ തുടർന്നാണ് പെൺകുട്ടി അമ്മയുടെ സഹോദരന്‍റെ വീട്ടിലെത്തിയത്. ഇവിടെ താമസിച്ച സമയത്ത് അമ്മയുടെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങൾ മുതലെടുത്താണ് രണ്ട് സുഹൃത്തുക്കള്‍ പീഡിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് കോയിപ്പുറം പൊലീസ് പോക്‌സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഒളിവിലുള്ള പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ 17കാരനായ സഹോദരൻ, അമ്മാവൻ, പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ, ഒളിവിലുള്ള പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ എന്നിവരാണ് കേസില്‍ ഉൾപ്പെട്ട അഞ്ച് പ്രതികളെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് സുഹൃത്തുക്കള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം ചൈല്‍ഡ് ലൈനിൽ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്‌തു.
തുടർന്ന് വനിത പൊലീസിന്‍റെ സാന്നിധ്യത്തില്‍ പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസ് വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സ്വന്തം സഹോദരനും അമ്മയുടെ സഹോദരനും ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി തുറന്നു പറയുന്നത്. തുടര്‍ന്ന് മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്‌ത് നടത്തിയ അന്വേഷണത്തിൽ നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.