പത്തനംതിട്ട : വാര്യാപുരത്ത് തടിപിടിക്കാൻ എത്തിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. പാപ്പാനെയും പുറത്തിരുത്തി ആന മണിക്കൂറുകളോളം പ്രദേശത്ത് ഭീതി വിതച്ചു. ആറ് മണിക്കൂറിന് ശേഷമാണ് പാപ്പാനെ താഴെയിറക്കാനായത്.
ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. വാര്യാപുരം പൂക്കോട് സ്വദേശിയായ മദനമോഹന്‍റെ പറമ്പിൽ തടിപിടിക്കാനായാണ് ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയെ കൊണ്ടുവന്നത്. തടി നീക്കുന്ന ജോലികള്‍ക്കിടയില്‍ ആന വിരണ്ടോടുകയായിരുന്നു.
ALSO READ: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ് ; സക്കീർ ഹുസൈനടക്കം നാല് പ്രതികളെ കോടതി വെറുതെ വിട്ടു
വീടിന് ചുറ്റും ഓടിയ ആന രണ്ടാം പാപ്പാനും പ്രദേശവാസിയുമായ രവീന്ദ്രനെ പുറത്തിരുത്തി ഒരു കിലോമീറ്ററോളം ഓടി. ഇതിനിടെ മദനമോഹന്‍റെ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ തട്ടിത്തെറിപ്പിച്ചു. സമീപത്തെ റബ്ബര്‍ മരങ്ങള്‍ പിഴുതെറിഞ്ഞു. ഇതിനിടയില്‍ ഒന്നാം പാപ്പാനെ ആക്രമിക്കാനും ശ്രമം നടന്നു. ഒന്നാം പാപ്പാന്‍ ജനവാസമില്ലാത്ത കുന്നിലേക്ക് ആനയെ ഓടിച്ച് കയറ്റിയതിനാൽ കൂടുതല്‍ അപകടങ്ങളും നാശനഷ്‌ടങ്ങളും ഒഴിവായി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ഗോപകുമാര്‍, പത്തനംതിട്ട പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുനില്‍ കുമാര്‍, റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.പി പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. റബ്ബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ച ആനയെ വൈകുന്നേരം അഞ്ചരയോടെയാണ് തളച്ചത്. ആറന്മുള പൊലീസും സ്ഥലത്തെത്തിയിരുന്നു.