പത്തനംതിട്ട: ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ ( ഡിസംബര്‍ 15) വൈകിട്ട് 6 മണി വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ് വഴിയും 18,12,179 ഭക്തരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പുൽമേട് വഴി 31935 പേരാണ് എത്തിയത്. ഡിസംബര്‍ 8ന് വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 88744 ആണ്. ഡിസംബർ 5ന് 59,872 പേരും ഡിസംബര്‍ 6ന് 50,776 പേരും ഡിസംബര്‍ 7ന് 79,424 പേരും ഡിസംബര്‍ 9ന് 59,226 പേരും ഡിസംബര്‍ 10ന് 47,887 പേരുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കാനനപാതയായ പുല്‍മേട് വഴി എത്തിയവരുടെ എണ്ണം ഇതിന് പുറമെയാണ് (Sabarimala News Updates).
മണിക്കൂറിൽ പടി കയറുന്നത് 4600 ഭക്തർ: ശബരിമലയില്‍ ഓരോ മണിക്കൂറിലും 4600 ഭക്തജനങ്ങളാണ് പതിനെട്ടാം പടികടന്ന് അയ്യപ്പ സന്നിധിയിലെത്തുന്നത്. ഓരോ മിനിറ്റിലും 75 പേരിലധികം ഭക്തരെയാണ് പടികയറ്റുന്നത്. ഇന്ത്യൻ റിസർവ്വ് ബറ്റാലിയനും (India Reserve Battalions ഐആർബി) കേരള ആംഡ് പൊലീസും (Kerala Armed Force കെഎഎഫ്) ചേർന്ന് മൂന്ന് ബാച്ചുകളായാണ് പതിനെട്ടാം പടിയിൽ കർമ്മനിരതരാകുന്നത്. ഓരോ ബാച്ചിലും 40 പേരാണുള്ളത്. നാല് മണിക്കൂർ ഇടവേളകളിൽ ബാച്ചുകൾ മാറും. ഓരോ 20 മിനിറ്റിലും പതിനെട്ടാം പടിയിൽ നിൽക്കുന്ന 14 പേർ മാറി അടുത്ത 14 പേർ എത്തും. രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഇലക്ഷൻ ഡ്യൂട്ടിക്ക് ശേഷമാണ് ശബരിമല ഡ്യൂട്ടിക്കായി തൃശൂരിലെ ഐആർബി ബറ്റാലിയന്‍റെ പുതിയ ബാച്ച് എത്തിയിരിക്കുന്നത് (Sabarimala Devotees Crowd).
ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ തീരുമാനം. സന്നിധാനത്ത് ദേവസ്വം പ്രസിഡൻ്റ് പി.എസ് പ്രശാന്ത് വിളിച്ച് ചേർത്ത എക്‌സിക്യൂട്ടീവിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തീരുമാനമെടുത്തത്. ഡൂട്ടി മജിസ്ട്രേറ്റുമാരും വിശുദ്ധി സേന കോർഡിനേറ്ററുമാരും ദേവസ്വം മരാമത്ത് വിഭാഗം ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എല്ലാ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ നീക്കവും യഥാസമയം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിശുദ്ധി സേന കോർഡിനേറ്റർമാർ പരിശോധിച്ച് ഉറപ്പ് വരുത്തണം. ഡ്യൂട്ടി മജിസ്ട്രേറ്റ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് നിർദേശിച്ചു. ദേവസ്വം മരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എഞ്ചീനിയർമാർക്കും പ്രസിഡൻ്റ് നിർദേശം നൽകി. ദേവസ്വം കമ്മിഷണർ സി.എൻ രാമൻ, എക്‌സിക്യൂട്ടീവ് എഞ്ചീനിയർ രജ്ഞിത്ത് ശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.