പത്തനംതിട്ട : കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയിൽ 144 പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി പൊലീസ് റൂട്ട് മാർച്ച് നടത്തി. സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കലക്ടര്‍ പി.ബി നൂഹും, തിരുവല്ല സബ് കലക്ടര്‍ ഡോ.വിനയ് ഗോയലും നിരത്തിലിറങ്ങി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചു. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ കേസുകളൊന്നും പുതിയതായി കണ്ടെത്തിയിട്ടില്ല. വിവിധ ആശുപത്രികളിലായി 20 പേര്‍ നിരീക്ഷണത്തിലുണ്ട്.
പുതിയതായി ഏഴു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 63 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 376 പ്രൈമറി കോണ്‍ടാക്ടുകളും 23 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 4105 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 37 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 299 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. 82 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നടത്തുന്നതിനായി മൈക്ക് അനൗണ്‍സ്‌മെന്‍റ് ആരംഭിച്ചു. പത്തനംതിട്ട ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണം നല്‍കുകയും, അണുനാശിനി നല്‍കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു കറങ്ങിനടന്നതിന് ഇതേവരെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഈ മാസം 13 മുതല്‍ 23 വരെ എടുത്ത കേസുകളാണിത്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയ്ക്കായി 15 സ്‌ക്വാഡുകളെ നിയമിച്ച് ജില്ലാ കലക്ടര്‍ പി.ബി നൂഹ് ഉത്തരവിറക്കി.