പത്തനംതിട്ട: കലഞ്ഞൂരിൽ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴി നല്‍കിയ ഭാര്യയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ (34) കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ ഭാര്യ, നൂറനാട് സ്വദേശി അഫ്‌സാനയെയാണ് വ്യാഴാഴ്‌ച (27.07.2023) അറസ്‌റ്റ് ചെയ്‌തത്. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നൗഷാദുമൊത്ത് പറക്കോട് പരുത്തപ്പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
പൊലീസിനെ കുഴപ്പത്തിലാക്കി പരസ്‌പര വിരുദ്ധമുള്ള മൊഴി: ഇതോടെ അഫ്‌സാനയെ പൊലീസ് സ്ഥലത്തുനിന്ന് തിരികെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. നൗഷാദിനെ കൊന്ന് വീടിന്‍റെ പരിസരത്ത് കുഴിച്ചു മൂടി എന്നാണ് അഫ്‌സാന പൊലീസിന് മൊഴി നൽകിയത്. നൗഷാദിനെ താന്‍ കൊലപ്പെടുത്തിയെന്നും മൃതദേഹം പുഴയിലൊഴുക്കി, സമീപത്തെ പള്ളിയുടെ സെമിത്തേരിയില്‍ മറവു ചെയ്‌തു, വേസ്‌റ്റ് കുഴിയില്‍ തള്ളി, വാടക വീടിന്‍റെ പരിസരത്ത് കുഴിച്ചിട്ടു എന്നിങ്ങനെ പരസ്‌പര വിരുദ്ധമായിട്ടാണ് ഇവര്‍ മൊഴി നൽകിയത്.
പരസ്‌പര വിരുദ്ധമായ മൊഴി പൊലീസിനെ കുഴപ്പത്തിലാക്കുകയാണ്. ഇതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്‍റെ സഹായം ലഭിച്ചെന്ന് അഫ്‌സാന മൊഴി മാറ്റി. താൻ തന്നെയാണ് നൗഷാദിനെ കൊന്നതെന്നും എന്നാല്‍ മറ്റൊരു യുവാവിന്‍റെ സഹായത്തോടെയാണ് മൃതദേഹം മാറ്റിയതെന്നുമാണ് പുതിയ മൊഴി.
അഫ്‌സാനയുടെ സുഹൃത്തായ യുവതിയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അഫ്‌സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന സംശയവും ഉയരുന്നുണ്ട്. നൗഷാദിനെ കാണാനില്ലെന്നു കാട്ടി 2021 നവംബറില്‍ പിതാവ് നല്‍കിയ കേസിലാണ് ഇപ്പോള്‍ അന്വേഷണം. സംഭവത്തില്‍ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്‌തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയില്‍ ഭാര്യ മൊഴി നല്‍കിയത്. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം, കൗമാരക്കാന്‍ വെടിയേറ്റു മരിച്ചു: അതേസമയം കഴിഞ്ഞ ദിവസം ബിഹാറില്‍ ഫുട്‌ബോള്‍ മത്സരത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കൗമാരക്കാരന്‍ വെടിയേറ്റ് മരിച്ചു. റിതേഷ് കുമാര്‍ എന്ന 15കാരനാണ് ലല്ലു കുമാര്‍ എന്ന ആണ്‍കുട്ടിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിഹാറിലെ ജഹാനാബാദ് ജില്ലയിലെ ഘോസി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മഹാരാജ്‌ഗഞ്ച് ഗ്രാമത്തില്‍ ജൂലൈ 25 നായിരുന്നു സംഭവം.
വെടിയേറ്റതിന് പിന്നാലെ റിതേഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രതിയായ കൗമാരക്കാരനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മഹാരാജ്‌ഗഞ്ചില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ ലല്ലുവും റിതേഷും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനിടെ ലല്ലു തന്‍റെ പാന്‍റ്‌സിന്‍റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പിസ്‌റ്റള്‍ എടുത്ത് റിതേഷിന് നേരെ വെടുയുതിര്‍ക്കുകയായിരുന്നു. റിതേഷിന്‍റെ തലയ്‌ക്കാണ് വെടിയേറ്റത്. സംഭവം നാട്ടുകാര്‍ റിതേഷിന്‍റെ വീട്ടുകാരെ അറിയിക്കുകയും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്‌തു.
എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് റിതേഷിനെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. സദര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റിതേഷ് മരണത്തിന് കീഴടങ്ങിയത്.