പാലക്കാട്: സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിലെ കടമ്പൂറില്‍. വ്യാവസായിക ആവശ്യങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി പരിമിതമായതിനാലാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകിയത്. അഞ്ച് ഏക്കർ വിസ്‌തൃതി വേണ്ട ചെറിയ പാർക്കിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.
അഞ്ചുപേരുള്ള പങ്കാളിത്ത വ്യവസ്ഥയിൽ എം ഹംസ മാനേജിങ് പാർട്‌ണറായാണ് പാർക്ക് ഉയരുന്നത്. സംരംഭങ്ങൾക്കു വേണ്ടി ബഹുനില കെട്ടിടം മതിയാകും. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കയർ ഉത്‌പന്നങ്ങൾ, തുണിത്തരങ്ങൾ, മര ഉത്‌പന്നങ്ങൾ, യന്ത്രോപകരണങ്ങൾ, പൊതുസംഭരണശാല എന്നിവയാണ് ഇവിടെ തുടങ്ങുക.
25 കോടിയാണ് മുതൽമുടക്ക്. മൂന്നുകോടി രൂപ സർക്കാർ സബ്‌സിഡി ലഭിക്കും. കിൻഫ്ര ഉദ്യോഗസ്ഥർ കൺവീനറായും ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ചെയർമാനായുമുള്ള സമിതി സ്ഥലം പരിശോധിച്ച് സംസ്ഥാന സമിതിക്ക് ശുപാർശ നൽകി. വ്യവസായ വകുപ്പ് അനുമതി നൽകിയതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പാർക്ക് ഉയരുന്നതോടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കും. സംരംഭകർക്ക് മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകാൻ വ്യവസായ വകുപ്പിൽ പ്രത്യേക വിഭാഗവും പ്രവർത്തന സജ്ജമാണെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്‌ട് വില്യം ജോൺസ് പറഞ്ഞു. നിലവിൽ പൊതുമേഖലയിൽ മാത്രമാണ് വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതിയുണ്ടായിരുന്നത്.
നാല് ജില്ലകളില്‍ പാർക്കുകൾ: പാലക്കാട്, കോട്ടയം, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് സ്വകാര്യ വ്യാവസായിക പാർക്കുകൾ ഉയരുന്നത്. പ്രൈവറ്റ് ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റ് സ്കീം -2022 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. കുറഞ്ഞത് പത്ത് ഏക്കർ ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ള സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ട്രസ്റ്റുകൾ, പാർട്‌ണർഷിപ് സ്ഥാപനങ്ങൾ, എംഎസ്എംഇ സ്‌കീമിലുള്ള സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് പാർക്കുകൾ തുടങ്ങാൻ അവസരം.
ഇത്തരം ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഭൂമി നിലമോ, തോട്ടമോ, തണ്ണീർത്തടമോ ആകാനും പാടില്ല. ഏകജാലക സംവിധാനത്തിലൂടെ വിവിധ വകുപ്പുകൾ സഹായം നൽകും. റോഡ്, വെള്ളം, വൈദ്യുതി എന്നിവ പദ്ധതി പ്രദേശത്ത് എത്തിക്കാനുള്ള പശ്ചാത്തല സൗകര്യം സർക്കാർ ഉറപ്പാക്കും.
പാലക്കാട് ജില്ലയിൽ മാത്രമാണ് അഞ്ചേക്കർ എന്ന ഇളവ് അനുവദിച്ചിരിക്കുന്നത്. അതിനാൽ ബുഹനില കെട്ടിടങ്ങൾ നിർമിക്കാം. പത്ത് ഏക്കർ വ്യവസായ എസ്‌റ്റേറ്റുകളിൽ ബഹുനില കെട്ടിടങ്ങൾ പാടില്ല.