പാലക്കാട്: കേരളത്തിലെ അധോലോക പാര്‍ട്ടിയായി സിപിഎം മാറിയതിന്‍റെ തെളിവാണ് നേതാക്കളുടെ വെളിപ്പെടുത്തലുകളെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ. ഇ.പി ജയരാജനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ ഉന്നയിച്ച ഗുരുതര സാമ്പത്തിക ആരോപണത്തില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യമാണെന്നും അത്തരം അന്വേഷണത്തിന് സിപിഎം തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ രാജ്യത്തോടും സംസ്ഥാനത്തോടും കാണിച്ച ഗുരുതര കുറ്റകൃത്യവും വെല്ലുവിളിയുമാണിത്.
നായനാരുടെ കാലത്ത് സെല്‍ ഭരണമായിരുന്നെങ്കില്‍ പിണറായിയുടേത് സണ്‍ ഭരണമായി മാറിയെന്നും ബംഗാളില്‍ സിപിഎം 30 വര്‍ഷം കൊണ്ട് നടത്തിയ അഴിമതി പിണറായി സര്‍ക്കാര്‍ ആറ് വര്‍ഷം കൊണ്ട് നടത്തിയെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. വിഷയത്തിലൊന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി മൗനവ്രതത്തിലാണ്. സിപിഎം നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളുമാണ് നാട് ഭരിക്കുന്നത്.
സിപിഎമ്മിന്‍റെ അഴിമതികള്‍ പുറത്ത് വരുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്താതെ ഉറക്കം നടിക്കുകയാണ്. കേവലം ഗ്രൂപ്പിസത്തിന്‍റെ പ്രശ്‌നമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യമായി അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.