പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെര്‍പ്പുളശേരി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ നേതൃത്വത്തിനെതിരെ പോസ്റ്റര്‍ യുദ്ധം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി ഓഫീസായ ഇന്ദിരാഭവന് മുന്നിലും ബസ് സ്റ്റാന്‍ഡ് പരിസരത്തുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തോല്‍വിയുടെ പേരില്‍ ഇതുവരെയും ആരും പരസ്യമായി രംഗത്തുവരാതിരുന്നതിനാല്‍ പ്രശ്‌നങ്ങള്‍ ഒതുങ്ങിയതായി കരുതിയിരിക്കുമ്പോഴാണ് പോസ്റ്ററുകള്‍ പതിച്ചത്. നേതൃത്വത്തിനെതിരെ അണികളില്‍ അമര്‍ഷമുണ്ടെന്ന സൂചനയാണ് ഇതോടെ വ്യക്തമായത്.
നഗരസഭയില്‍ കഴിഞ്ഞ തവണ 17 സീറ്റുകളുമായി ഭരണത്തിലേറിയ യുഡിഎഫിന് ഇത്തവണ 12 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. മാത്രമല്ല മുസ്ലീം ലീഗിലേയും കോണ്‍ഗ്രസിലേയും പ്രമുഖ നേതാക്കളെല്ലാം തോല്‍ക്കുകയും ചെയ്തു. യുഡിഎഫിനെ വലിയ തോല്‍വിയിലേക്ക് നയിച്ചതില്‍ പാര്‍ട്ടിയിലേയും മുന്നണിയിലേയും പ്രശ്‌നങ്ങളും കാരണമായിട്ടുണ്ടെന്ന സൂചനകളാണ് നേതൃത്വത്തിനെതിരെയുള്ള പോസ്റ്ററുകളിലൂടെ പുറത്തു വരുന്നത്. യുഡിഎഫ് കമ്മറ്റികള്‍ പിരിച്ചുവിടണമെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യം.
ഷൊര്‍ണൂര്‍ നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, ചെര്‍പ്പുളശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്നിവര്‍ രാജിവച്ച് കോണ്‍ഗ്രസിന്‍റെ മുഖം രക്ഷിക്കണമെന്നും തട്ടിക്കൂട്ട് ഭരണസമിതി പിരിച്ചുവിടണമെന്നുമുള്ള ആവശ്യങ്ങളാണ് പോസ്റ്ററുകളില്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ പോസ്റ്ററുകളെ പറ്റി കോണ്‍ഗ്രസിലെയോ മുസ്ലീം ലീഗിലേയോ നേതാക്കളാരും ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരല്ല പോസ്റ്ററുകള്‍ക്കു പിന്നിലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് ഇവരുടെ നിലപാട്.