പാലക്കാട്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് മുഹമ്മദ് മുഹസിൻ എംഎൽഎ. മുഹമ്മദ് മുസ്തഫ, ഇബ്രാഹിം അൽത്താഫ്, വിജയ ശങ്കർ, അദിനാൻ എന്നീ വിദ്യാർഥികളുടെ വാടനാംകുറുശി, വല്ലപ്പുഴ പ്രദേശങ്ങളിലെ വീടുകളിലാണ് എംഎൽഎ സന്ദർശിച്ചത്.
യുക്രൈനിൽ കുടുങ്ങിയവരുടെ വീടുകൾ സന്ദർശിച്ച് എംഎൽഎ
രക്ഷാദൗത്യത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ എംഎൽഎയുമായി ബന്ധപ്പെട്ടിരുന്നു. പല വിദ്യാർഥികളും എംഎൽഎയോട് നേരിട്ട് സംസാരിക്കുകയുണ്ടായി. അതിർത്തി പ്രദേശങ്ങളിലെ ബങ്കറുകളിലാണ് മിക്ക വിദ്യാർഥികളും. പോളണ്ട്, റൊമാനിയ അതിർത്തികളിലൂടെ ഇവരെ കടത്തിവിടാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി വിദ്യാർഥികൾ എംഎൽഎയെ അറിയിച്ചു. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസുമായും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണനുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു.
ഓങ്ങലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.പി രജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ പ്രശാന്ത്, വല്ലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ ലത്തീഫ് മുതലായവരും എംഎൽഎക്കൊപ്പമുണ്ടായിരുന്നു.
മടങ്ങിയെത്തിയ വിദ്യാർഥികളെ വരവേറ്റ് കെടിഡിസി
അതേസമയം യുക്രൈനിൽ നിന്ന് ചെന്നൈയിൽ ഇറങ്ങിയ മലയാളി വിദ്യാർഥികൾക്ക് കെടിഡിസി സൗജന്യ താമസവും ഭക്ഷണവും ഒരുക്കി. മുംബൈയിൽ നിന്ന് ഞായർ രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ 11 മലയാളി വിദ്യാർഥികൾക്കാണ് കെടിഡിസിക്ക് കീഴിലുള്ള ചെന്നൈ റെയിൻ ഡ്രോപ്‌സ് ഹോട്ടലിൽ സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയത്.
വിമാനത്താവളത്തിലിറങ്ങിയ വിദ്യാർഥികളെ ഹോട്ടൽ അസിസ്റ്റന്‍റ് മാനേജർ അനൂപ് പി. ചാക്കോ സ്വീകരിച്ചു. കെടിഡിസിയുടെ ചെലവിൽ ഇവരെ ഹോട്ടലിൽ എത്തിച്ചു. വിദ്യാർഥികളുമായി കെടിഡിസി ചെയർമാൻ പി.കെ ശശി വീഡിയോ കോളിൽ സംസാരിച്ചു. തുടർന്ന് ഞായർ വൈകിട്ടോടെയാണ് വിദ്യാർഥികൾ കേരളത്തിലേക്ക് തിരിച്ചത്.