പാലക്കാട്: പട്ടാമ്പിയിൽ നിക്ഷേപകരുടെ പണവുമായി ചിട്ടികമ്പനി ഉടമ മുങ്ങി. പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡിലാണ് നിക്ഷേപകരുടെ കോടികൾ വരുന്ന പണവുമായി ഉടമ മുങ്ങിയെന്ന പരാതി ഉയരുന്നത്.
രണ്ടാഴ്‌ച മുൻപ് ഉടമ പണവുമായി മുങ്ങിയെന്നാണ് നിക്ഷേപകരുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് ഉയരുന്ന പരാതി. വീട്ടമ്മമാരെയും യുവാക്കളെയും കളക്ഷൻ ഏജന്‍റുമാരാക്കിയാണ് ഉടമ കോടികളുടെ നിക്ഷേപം ഉണ്ടാക്കിയത്. ഇപ്പോൾ നിക്ഷേപകർ പണം അവശ്യപ്പെടുന്നതിനാൽ കളക്ഷൻ ഏജന്‍റുമാർ ആശങ്കയിലാണ്.
പണം നഷ്‌ടപ്പെട്ടതിൽ നിക്ഷേപകർ പട്ടാമ്പി പൊലീസിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, ജീവനക്കാരും കളക്ഷൻ ഏജന്‍റുമാരും പണം തട്ടിയെടുത്തെന്ന് കാണിച്ച് സ്ഥാപന ഉടമയായ മനോഹരനും പൊലീസിൽ പരാതി നൽകിയതായി സൂചനയുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ പട്ടാമ്പി പൊലീസ് സ്ഥാപനത്തിൽ റെയ്‌ഡ് നടത്തുകയും ഓഫിസിലെ ഫയലുകളും രേഖകളും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
100 ൽ അധികം ആളുകൾ തട്ടിപ്പിനിരയായതായാണ് വിവരം. ജനം നിധി ലിമിറ്റഡിന്‍റെ പാലക്കാട്, ഗുരുവായൂർ, തൃശൂർ എന്നിവിടങ്ങളിലുള്ള ശാഖകളിലും സമാനമായ തട്ടിപ്പ് നടന്നുവെന്ന് നിക്ഷേപകർ പറയുന്നു. നിക്ഷേപത്തിനൊപ്പം തന്നെ ചിട്ടി നടത്തിപ്പിലും നിരവധി പേർ തട്ടിപ്പിന് ഇരയായി.
നാല് വർഷം മുൻപ് ബിസിനസ് ലോൺ, വ്യക്തിഗത വായ്‌പ, റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ഡെപ്പോസിറ്റ്, ഗോൾഡ് ലോൺ, ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നീ സേവനങ്ങളുമായാണ് സ്ഥാപനം പട്ടാമ്പിയിൽ പ്രവർത്തനം ആരംഭിച്ചത്.
Also Read: ഡല്‍ഹി കോടതിയില്‍ വെടി വയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു