മലപ്പുറം: നിലമ്പൂർ പോത്തുകലിൽ കാട്ടാന ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കോഴിക്കോട് റാപ്പിഡ് റെസ്‌പോൺസ് ടീമിലെ സംഗീതിനാണ് പരിക്കേറ്റത്. ഇയാളെ ആദ്യം നിലമ്പൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചാലിയാര്‍ പുഴ നീന്തിക്കടന്ന് ജനവാസ കേന്ദ്രത്തിലേയ്ക്ക് എത്തിയ ആനയെ, തുരത്തുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം.
റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ച സംഗീതിനെ ആന തട്ടി തെറിപ്പിക്കുകയായിരുന്നു. സംഗീതിന്‍റെ നെഞ്ചിനാണ് ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റത്. വനപാലകരും, നാട്ടുകാരും, കോളനി നിവാസികളും ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാത്രിയിൽ എത്തിയ കാട്ടാന നേരം പുലർന്നിട്ടും കാട്ടിലേക്ക് മടങ്ങാതെയായതോടെയാണ് നാട്ടുകാർ വഴിക്കടവ് റെയ്ഞ്ച് ഓഫീസറെ വിവരമറിയിച്ചത്. ഇതേതുടര്‍ന്ന് രാവിലെ 7.30 ഓടെയാണ് വനപാലകരും ദ്രുത കർമ്മ സേനയും നാട്ടുകാരും ചേർന്ന് ആനയെ തുരത്താന്‍ ആരംഭിച്ചത്. കാട്ടാന ഇപ്പോഴും മാതിപ്പൊട്ടി കോളനി സമീപത്ത് തമ്പടിച്ചിരിക്കുകയാണ്.