മലപ്പുറം: സ്വന്തം കവിതകൾ പൊതുസ്ഥലങ്ങളിൽ അവതരിപ്പിച്ച് ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി വ്യത്യസ്തനാകുകയാണ് പൊന്നാനി എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥൻ ഗണേശൻ. മദ്യവും ലഹരിവസ്തുക്കളും ജീവിതത്തിൽ വരുത്തുന്ന ദുരന്തങ്ങൾ എടുത്തുകാട്ടുന്നവയാണ് ഗണേശന്‍റെ കവിതകൾ. സ്വയം രൂപപ്പെടുത്തുന്ന കവിതകൾ ചേർത്ത് ഗണേശൻ നടത്തുന്ന പ്രസംഗങ്ങൾ പലപ്പോഴും പലർക്കും ലഹരിയില്‍ നിന്ന് മുക്തി നേടാന്‍ വഴിയൊരുക്കുന്നു.
ബസ്‌സ്റ്റോപ്പുകൾ മുതൽ സ്കൂളുകളിലും കോളജുകളിലും ഗണേശൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. ജോലിക്കിടയിൽ വീണുകിട്ടുന്ന സമയമാണ് ഇതിനായി ഗണേശൻ വിനിയോഗിക്കുന്നത്. ഇതിനകം ആയിരത്തഞ്ഞൂറോളം വേദികളിൽ ഇദ്ദേഹം ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തി. സംസ്ഥാന യുവജന കമ്മീഷൻ, ലീഗൽ സർവീസ് അതോറിറ്റി, നെഹ്‌റു യുവ കേന്ദ്ര, സ്റ്റുഡന്‍റ്‌സ് പൊലീസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ നടക്കുന്ന ബോധവൽക്കരണ ക്ലാസ്സുകളിൽ ഗണേശന്‍റെ കവിതകളും ആശയങ്ങളുമുണ്ട്. ഗണേശന്‍റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരമായി മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലും ലഭിച്ചിട്ടുണ്ട്.