മലപ്പുറം: ചങ്ങരംകുളത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങി മരിച്ചു. കുന്നംകുളം സ്വദേശി ഷൈനി (40), മകള്‍ ആശര്യ (12) എന്നിവരാണ് മരിച്ചത്. ഒതളൂർ പടിഞ്ഞാറ്റ് മുറി ആലാപ്പുറത്തെ പാടശേഖരത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്.
ഇന്ന് (സെപ്‌റ്റംബര്‍ 10) രാവിലെ 10 മണിക്കാണ് സംഭവം. ഓണാവധിക്ക് ഒതളൂരിലെ ഷൈനിയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. കുളിക്കാനിറങ്ങിയപ്പോള്‍ ആശര്യ വെള്ളത്തില്‍ വീഴുകയായിരുന്നു.
മകള്‍ വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട ഷൈനി രക്ഷിക്കാനായി വെള്ളത്തില്‍ ഇറങ്ങി. തുടര്‍ന്ന് ഇരുവരും വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് അമ്മയെയും മകളെയും കരയ്ക്ക് കയറ്റിയത്.
ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം പൊലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കുന്നംകുളം ബദനി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആശര്യ.