മലപ്പുറം: ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങളില്‍ ആതവനാട് ഡിവിഷനില്‍ നിന്നും വിജയിച്ച ഏറ്റവും പ്രായംകൂടിയ അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ക്ക് വരണാധികാരികൂടിയായ ജില്ലാ കലക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. അധികാരമേറ്റ ശേഷം അംഗങ്ങളുടെ ആദ്യ യോഗം മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട 32 പേരില്‍ 27 പേരും പുതുമുഖങ്ങളാണ്. അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. 30ന് രാവിലെ 11 മണിക്ക് അധ്യക്ഷ തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ട് മണിക്ക് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.
നറുക്കെടുപ്പ് പ്രകാരം ഇത്തവണ ജില്ലാപഞ്ചായത്ത് അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. തുടര്‍ച്ചയായി അധ്യക്ഷ സ്ഥാനം സംവരണ പദവിയിലേക്ക് നീണ്ടതോടെ യു ഡി എഫ് ഹൈക്കോടതി സിംഗില്‍ ബെഞ്ച് ഉത്തരവ് പ്രകാരം ജനറല്‍ സീറ്റിലേക്ക് മാറ്റിയിലെങ്കിലും ഡിവിഷന്‍ ബെഞ്ച് ഉത്തരവ് തിരുത്തി. സംവരണമായി തുടര്‍ന്നാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ യു ഡി എഫ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം വരുന്നത് വരെ വനിതാ സംവരണത്തിന് തന്നെയാണ് സാധ്യത. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായി കെ പി എ മജീദ്, അഡ്വ. യു എ ലത്വീഫ് തുടങ്ങിയവരും സംബന്ധിച്ചു.