മലപ്പുറം: മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് വള്ളിക്കുന്ന് നിയമസഭാമണ്ഡലം. മലപ്പുറം പാർലമെന്‍റ് നിയോജക മണ്ഡലത്തിലാണ് വള്ളിക്കുന്ന്. തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം.
2011-ലാണ് നിയോജക മണ്ഡലം നിലവിൽ വന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അംഗം കെഎൻഎ ഖാദർ ആണ് വള്ളിക്കുന്നിന്‍റെ ആദ്യത്തെ എംഎൽഎ. മണ്ഡലത്തിൽ ആകെ 189720 വോട്ടർമാരാണ് ഉള്ളത്. ആകെ വോട്ടർമാരിൽ 93331 സ്ത്രീ വോട്ടർമാരും 96588 പുരുഷ വോട്ടർമാരും ഉണ്ട്.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം, ചരിത്രം
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലം വലതുപക്ഷത്തിനൊപ്പമായിരുന്നു നിലകൊണ്ടത്. ബിജെപിക്ക് മലപ്പുറം ജില്ലയിൽ താരതമ്യേന കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. മണ്ഡലം നിലവിൽ വന്നതിന് ശേഷം നടന്ന 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായ കെ വി ശങ്കരനാരായണനെ 18,122 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ലീഗിന്‍റെ കെഎൻഎ ഖാദർ അധികാരത്തിൽ എത്തിയത്. ആകെ 1,13,304 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ലീഗ് 57,250 വോട്ടുകളും സ്വതന്ത്രൻ 39,128 വോട്ടുകളും നേടി. 2011ൽ പ്രേമനിലൂടെ മണ്ഡലത്തിൽ നിന്ന് ബിജെപി 11,099 വോട്ടുകൾ നേടി.
2016ലും ലീഗാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 137484 വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ ലീഗിന്‍റെ അബ്ദുല്‍ ഹമീദ് മാസ്റ്റർ 59720 വോട്ടുകൾ നേടി. ഐഎൻഎല്ലിന്‍റെ അഡ്വ. ഒകെ തങ്ങളോട് 19,616 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ജനചന്ദ്രൻ മാസ്റ്ററിലൂടെ 22887 വോട്ടുകളാണ് ബിജെപി നേടിയത്. മണ്ഡലം നിലവിൽ വന്ന ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ലീഗാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
തദ്ദേശതെരഞ്ഞെടുപ്പ് 2020
ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ആറ് ഗ്രാമപഞ്ചായത്തുകളും യുഡിഎഫിനെയാണ് പിന്തുണച്ചത്.