മലപ്പുറം: കഥകളി ആചാര്യനും ആട്ടക്കഥ രചയിതാവും താടി വേഷങ്ങളിലെ വേഷപ്പകർച്ച കൊണ്ട് കാണികളെ അമ്പരപ്പിച്ച നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. എൺപത്തൊന്നാം വയസായിരുന്നു. തിരുവനന്തപുരം പൂജപ്പുര ചാടിയറ നെല്ലിയോട് മനയിലായിരുന്നു അന്ത്യം.
താടി വേഷങ്ങളിലൂടെ ശ്രദ്ധേയൻ
ചുവന്നതാടി, കറുത്തതാടി, വട്ടമുടി, പെൺകരി എന്നിവയിലാണ് അദ്ദേഹത്തിന്‍റെ വേഷത്തികവ് പ്രകടമാകുന്നത്. കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ എന്നിവയിൽ 80ന്‍റെ പ്രായം ലാളിത്യം ചേർക്കുന്നു. ബകവധത്തിലെ ആശാരി, നക്രതുണ്ഡി, കാട്ടാളൻ എന്നീ വേഷങ്ങളുടെ ആഢ്യത്വം കുറയുന്നുമില്ല. കലാമണ്ഡലം കൃഷ്ണൻനായരുടെ ബാലിക്കൊപ്പം സുഗ്രീവൻ, മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ കൃഷ്ണനൊപ്പം കുചേലൻ, ഗുരു ചെങ്ങന്നൂരിന്‍റെ ഹിരണ്യകശിപുവിനൊപ്പം നരസിംഹം, ബാലിവിജയത്തിൽ രാമൻകുട്ടിനായരുടെ രാവണനൊപ്പം ബാലി തുടങ്ങി നെല്ലിയോട് അണിചേരാത്ത അരങ്ങുകൾ കുറവാണ്.
ലോകത്താകമാനം അവതരിപ്പിച്ചത് നിരവധി വേഷങ്ങൾ
ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ 35 തവണ അദ്ദേഹം കഥകളി അവതരിപ്പിക്കാൻ സഞ്ചരിച്ചിട്ടുണ്ട്. ഡോൺ കിഹോത്തേ എന്ന ആട്ടക്കഥ ഡോ. പി.വേണുഗോപാലൻ രചിച്ചത് ആ കഥാപാത്രത്തിന് നെല്ലിയോടിന്‍റെ മുഖം ഇണങ്ങുമെന്ന് കണ്ടുകൊണ്ടായിരുന്നു. നേരത്തെ കലാമണ്ഡലം കേശവൻ രചിച്ച സ്‌നോ വൈറ്റ് ആൻഡ് സെവൻ ഡ്രോപ്‌സ് എന്ന ആട്ടക്കഥയിൽ ഡെവിളിന്‍റെ വേഷവും നെല്ലിയോട് അവതരിപ്പിച്ചു. ചുവന്നതാടിക്ക് പുറപ്പാട് രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം രാസക്രീഡ എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മുത്തച്ഛൻ ശീരവള്ളി നാരായണൻ നമ്പൂതിരി രചിച്ച ചിത്രകേതുവിജയം കഥകളി മെയിൽ അരങ്ങേറിയിരുന്നു. അതിൽ അംഗിരസ്സായി നെല്ലിയോട് അരങ്ങിലെത്തിയപ്പോൾ വിഷ്‌ണുനാരായണൻ നമ്പൂതിരിയുടെ മകൾ അപർണ, മഹാവിഷ്‌ണുവിന്‍റെ വേഷമിട്ടു.
കഥകളിയിൽ നിരവധി പുരസ്കാരങ്ങൾ നേടിയ പ്രതിഭ
1999ൽ കലാമണ്ഡലം അവാർഡ്, 2000ൽ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാർഡ്, 2001ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, 2014ൽ കേരള സർക്കാരിന്‍റെ കഥകളി നടനുള്ള അവാർഡ്, 2017ൽ എൻ.സി.ഇ.ആർ.ടിയുടെ പദ്‌മപ്രഭ പുരസ്‌കാരം, തുഞ്ചൻ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം പുരസ്കാരം, തുളസീവനം പുരസ്‌കാരങ്ങൾ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്.
Also Read: 'വഴിയൊരുക്കുന്നതും ആരാധന തന്നെ!', നാടിന് മാതൃകയായി മൂന്ന് മുസ്‌ലിം പള്ളികള്‍
കിഴക്കേകോട്ട അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്‌കൂളിൽ 1995 വരെ 20 വർഷം നെല്ലിയോട് കഥകളി വേഷത്തിന്‍റെ അധ്യാപകനായിരുന്നു. വീടിനുസമീപം വാഴേങ്കട കുഞ്ചുനായർ സ്മാരക കഥകളി വിഹാർ എന്ന സ്ഥാപനം അദ്ദേഹം നടത്തുന്നുണ്ട്. ശ്രീദേവി അന്തർജനം ആണ് ഭാര്യ. മക്കൾ : വിഷ്ണു, മായ. മരുമക്കൾ : ശ്രീദേവി, ദിവാകരൻ നമ്പൂതിരി. സംസ്കാരം നായാട്ടുകല്ല് നെല്ലിയോട് മനയിൽ.