തിരൂർ: അയ്യായ റോഡിലെ പാലം നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ക്രമക്കേട് കണ്ടെത്തി. ഇതോടെ നിലവിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൊളിച്ച് നീക്കാനാണ് നിർദ്ദേശം.
ഒഴൂർ അയ്യായ റോഡിലെ പാലക്കത്തോടിന് കുറുകെയുള്ള പാലത്തിന് ഏതാണ്ട് 60 വർഷത്തിലധികം പഴക്കമുണ്ട്. കാലപ്പഴക്കം കാരണം കോൺഗ്രീറ്റ് പാളികൾ അടർന്ന് പാലത്തിന്‍റെ കമ്പികൾ പുറത്ത് കാണുന്ന അവസ്ഥയിലായിരുന്നു. പാലം പുതുക്കി പണിയുകയെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. അങ്ങനെയാണ് പൊതുമരാമത്ത് വകുപ്പ് പാലം നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയത്. പുത്തൻ തെരുവ് മുതൽ ഒഴൂർ വരെയുള്ള റോഡിലെ ഡ്രൈനേജ് വീതി കൂട്ടുന്നതിനും പാലക്കതോട് നവീകരണത്തിനുമായി 20 ലക്ഷം രൂപയാണ് ഫണ്ട് പാസാക്കിയത്. തൽഫലമായി പാലം നവീകരിക്കൽ ആരംഭിച്ചു. ഇതാണ് നാട്ടുകാർ തടഞ്ഞത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ വേണ്ട വിധം ഉപയോഗിക്കാതെയുള്ള പ്രവൃത്തി അനുവദിക്കില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി നാട്ടുകാരുടെ പരാതി മൂലം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സമീപീച്ചു. നിർമ്മാണത്തിൽ ക്രമക്കേട് കണ്ടെത്തിയ സംഘം നിലവിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൊളിച്ച് നീക്കാൻ നിർദ്ദേശം നൽകി.