മലപ്പുറം: അഞ്ച് വിവിധ കേസുകളിലായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 3664 ഗ്രാം സ്വർണം പിടിച്ചെടുത്തു. കോഴിക്കോട് ഇന്‍റർനാഷണൽ എയർ പോർട്ട് എയർ ഇന്‍റലിജൻസ് വിഭാഗമാണ് മൂന്ന് ദിവസങ്ങളിലായി ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന 3664 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ദുബായിൽ നിന്നും IX 1346 എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരനില്‍ നിന്നാണ് 370 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ബഗേജിൽ ചെറു കഷ്ണങ്ങളായി ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്.
ദുബൈയിൽ നിന്നും എസ്‌ജി 141 സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ സാലി എന്ന യാത്രക്കാരനിൽ നിന്നും 707.10 ഗ്രാം സ്വർണവും അനസ് എന്ന യാത്രക്കാരനിൽ നിന്ന് 960.8 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇവർ.
ദുബൈയിൽ നിന്നും എസ്‌ജി 141 സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശിയായ, അൻവർ എന്ന യാത്രക്കാരനില്‍ നിന്നും 601 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഫോയിൽ രൂപത്തിൽ കാർഡ് ബോർഡ് പെട്ടിയുടെ പാളികൾക്കുള്ളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും എഫ്ഇസഡ്4313 വിമാനത്തിൽ എത്തിയ കടലുണ്ടി സ്വദേശി ഷിബുലാൽ എന്ന യാത്രക്കാരന്‍റെ പക്കൽ നിന്നും 1025 ഗ്രാം സ്വർണം പിടിച്ചെടുത്തു. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.