മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗിയായ ഭിക്ഷാടകനെ ആശുപത്രിയിൽ കൊണ്ടുപോയവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. സേലം സ്വദേശിയായ ഭിക്ഷാടകനെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോഡ്രൈവർ, ഇയാളെ സഹായിച്ച തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ, ഇവരുടെ കൂടെ താമസിക്കുന്ന മറ്റ് നാലുപേരുടെയും കൊവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. മുൻകരുതൽ നടപടിയായാണ് ഇവരുടെ സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് അയച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യാചകനെ തുടർന്ന് എടപ്പാൾ പഞ്ചായത്ത് ക്വാറന്‍റൈനിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ടും അല്ലാതെയും സമ്പർക്കത്തിൽ ഏർപ്പെട്ട എടപ്പാൾ ഗ്രാമപഞ്ചായത്തിലെ ഡ്രൈവർ ഉൾപ്പെടെ 25ഓളം പേരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിരുന്നു. പഞ്ചായത്തിലെ ജീവനക്കാരും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 14 പേരെയാണ് ആദ്യഘട്ടത്തിൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്. എടപ്പാൾ ഗ്രാമപഞ്ചായത്തിലെ ഡ്രൈവർ ഒഴിച്ചുള്ള 13 പേരുടെയും കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിശ്ചിത കാലയളവ് എടപ്പാൾ പഞ്ചായത്ത് ഓഫീസ് അടച്ചിരുന്നു. ഇതിൽ ഏഴ് പേരുടെ കൊവിഡ് പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.