മലപ്പുറം: ശക്തമായ മഴയിൽ റൺവേ കാണാൻ സാധിക്കാതെ വിമാനം റൺവേയിൽ നിന്ന് പുറത്തേയ്ക്ക് പോയതാണ് കരിപ്പൂരിൽ അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരം. രാത്രി 7:45ഓടെയാണ് കരിപ്പൂരിൽ വിമാന അപകടമുണ്ടായത്. വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയിൽനിന്ന് 190 യാത്രക്കാരുമായി പ്രദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്‍റെ IX1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 30 വര്‍ഷത്തെ പരിചയ സമ്പത്തുമായി ക്യാപ്റ്റന്‍ ദീപക് സാത്തേയാണ് വിമാനം നിയന്ത്രിച്ചത്.
വിമാനം റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും കാലവസ്ഥ പ്രതികൂലമായതിനാൽ പൈലറ്റിന് റൺവേ കൃത്യമായി കാണുവാൻ സാധിച്ചില്ല. തുടർന്ന് പൈലറ്റ് ലാൻഡിങിന് സാധിക്കുന്നില്ലെന്ന് കൺട്രോൾ റൂമിൽ അറിയിച്ചു. ലാൻഡിങിന് തയ്യാറായ വിമാനം ടേക്ക് ഓഫ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ശക്തമായ മഴകാരണം അതിനും സാധ്യമായില്ല. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വിമാനം വീണ്ടും റൺവേയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ശക്തമായ മഴ കാരണം അദ്ദേഹത്തിന് റൺവേ കാണാൻ സാധിച്ചിരുന്നില്ല.
ഇത് അദ്ദേഹം കൺട്രോൾ റൂമിനെ അറിയിച്ചതിനെ തുടർന്ന് രണ്ടാമതും ടേക്ക് ഓഫ് നടത്താൻ തീരുമാനിച്ചു. എന്നാൽ ശക്തമായ മഴ കാരണം റൺവേയിൽ നിന്ന് വിമാനം തെന്നിമാറുകുയായിരുന്നു. വിമാനം പൂർണ വേഗതയിലായിരുന്നതിനാൽ ടേബിൾ ടോപ്പ് റൺവേയുടെ അവസാനം വരെ വിമാനം ഓടുകയും തുടർന്ന് നിയന്ത്രണം വിട്ട് വിമാനം 35 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് മുൻവശം പൂർണമായി തകർന്ന് വിമാനം രണ്ടായി പിളർന്നു. തീപിടിത്തം ഉണ്ടാകാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചു. പൈലറ്റിന്‍റെ പരിചയ സമ്പത്താണ് വിമാനത്തെ തീപിടിത്തത്തിൽ നിന്ന് രക്ഷിച്ചത്. വിമാനത്താവളത്തിന്‍റെ 300 മീറ്റർ മാത്രം അകലെ ജനവാസ പ്രദേശമാണ്. വിമാനം ഇവിടേയ്ക്ക് നീങ്ങാതിരുന്നതും അപകടത്തിന്‍റെ വ്യാപ്‌തി കുറച്ചു.
നാട്ടുകാരുടെയും, പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും സമയോജിതമായ ഇടപെടൽ രക്ഷപ്രവർത്തനം വേഗത്തിലാക്കി. കേരളത്തെ നടുക്കിയ വിമാന അപകടത്തിൾപെട്ട് പൈലറ്റ് ഉൾപടെ 18 പേർക്ക് ജീവൻ നഷ്‌ട്ടമാവുകയും നിരവധി പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തു.