മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനും കൂട്ട് നിന്ന മാതാവിനും 10 വര്‍ഷം കഠിനതടവും പിഴയും. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. കോഴിക്കോട് മൈക്കാവ് വേനപ്പാറ ഓമശ്ശേരി മൂലക്കടവത്ത് കല്ലറക്കപ്പറമ്പ് എം ഷിബിന്‍ (22), മാതാവ് എം ആനന്ദം (48) എന്നിവരെയാണ് ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്.
2017 ജൂണ്‍ പന്ത്രണ്ടിനാണ് കൊണ്ടോട്ടി കുറുപ്പത്ത് സ്വദേശിയായ പതിനാറുകാരിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളില്‍ വച്ചായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2017 ജൂണ്‍ ഇരുപത്തിമൂന്നിന് പരപ്പനങ്ങാടിയില്‍ വച്ച് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിന്നീട് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.