കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച യോഗത്തിൽ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വിടി ബൽറാം. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് ക്ലാരിറ്റിയില്ലെന്ന തെറ്റായ വാദം ബോധപൂർവം ചിലർ കേരളത്തിൽ പ്രചരിപ്പിക്കുന്നുണ്ടെന്നായിരുന്നു ബൽറാം പറഞ്ഞത്. അതിൽ വ്യക്തമായ അഭിപ്രായം ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും വിടി ബൽറാം പറഞ്ഞു.
സെമിനാറിലെ സിപിഎം പ്രതിനിധിയായ കെടി കുഞ്ഞിക്കണ്ണനെ വേദിയിലിരുത്തിയായിരുന്നു ബൽറാമിൻ്റെ വിമർശനം. ഇപ്പോഴത്തെ ദേശീയ തലത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടികൾ ഭിന്നിച്ചു നിന്നാൽ ചരിത്രം നമ്മളെ സങ്കുചിത വാദികൾ എന്ന് വിലയിരുത്തുമെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണന്‍റെ പ്രതികരണം. അതിനാൽ ഏകീകൃത സിവിൽ കോഡിനെതിരെ ഒന്നിച്ച് നിന്ന് പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
യുസിസി മതത്തെ മാത്രം ബാധിക്കുന്നതല്ല: ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബഹുസ്വരത അപകടപ്പെട്ടാൽ ദേശീയത തന്നെ അപകടത്തിലാകും. ഒറ്റക്കെട്ടായി ഏകീകൃത സിവിൽ കോഡിനെ എതിർക്കുകയെന്നതാണ് പൗരന്‍റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വമെന്ന സ്വഭാവവും നമ്മൾ പിന്തുടരുന്ന പാരമ്പര്യവും ഇല്ലാതാക്കുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്‌ത് തമിഴ്‌നാട് ആരോഗ്യ മന്ത്രിയും ഡിഎംകെ നേതാവുമായ അഡ്വ. മാ സുബ്രഹ്മണ്യം പറഞ്ഞു. സിവിൽ കോഡിനെതിരായ പോരാട്ടത്തിന് ഡിഎംകെയുടെ പൂർണ പിന്തുണയും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയ്‌ക്ക് ജനവിധി അനുകൂലം: ഇന്ത്യയുടെ ഒരു ഭാഗത്തു സംഘടിത ശക്തി ഉണ്ടായാൽ ഏകാധിപത്യ പ്രവണത ഇല്ലാതാക്കാൻ പറ്റില്ലെന്നൊക്കെ അറിയാമെന്ന ബോധ്യത്തോടെയാണ് ഏകീകൃത സിവിൽ കോഡിനെതിരായ പോരാട്ടവുമായി മുന്നോട്ട് പോകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബംഗളുരുവിൽ പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂട്ടായ്‌മയ്‌ക്ക് ജനവിധി അനുകൂലമാകുമെന്നും അതോടെ ഈ ഏകധിപത്യ നീക്കം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ സംസ്‌കാരം, ഭരണഘടന ഇതിലൊക്കെ ആര് കോടാലി വെച്ചാലും ജനങ്ങൾ ഒന്നിച്ചു നിൽക്കുമെന്ന് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. അതാണ് മണിപ്പൂർ വിഷയത്തിൽ കണ്ടത്. പാർലമെന്‍റില്‍ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതാണ് മണിപ്പൂർ വിഷയം കൊണ്ട് ഉണ്ടായ ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ രാഷ്ട്രീയ സാമുദായി സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് 21 പേരാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ സെമിനാർ വേദിയിൽ ഒത്തുചേർന്നത്. കെപിസിസി സംഘടിപ്പിക്കുന്ന സെമിനാർ ഓഗസ്‌റ്റ് അഞ്ചിന് കോഴിക്കോട്ട് നടക്കും.
യുസിസിക്കെതിരെ പ്രകാസ് കാരാട്ട്: വര്‍ഗീയ രാഷ്ട്രീയ ധ്രുവീകരണമാണ് ഏക സിവിൽ കോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഏകീകൃത സിവിൽ കോഡിനെതിരെ എൽഡിഎഫ് കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. ഹിന്ദു - മുസ്ലിം വിഭാഗങ്ങളെ തമ്മിൽ ചേരി തിരിച്ച് ഏറ്റുമുട്ടിക്കുന്നതിനായുള്ള ആര്‍എസ്എസിന്‍റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് ഏകീകൃത സിവില്‍കോഡ്.