കോഴിക്കോട്: ഓപ്പറേഷൻ തണ്ടറിന് പുറമെ വാഹന പരിശോധനയും ശക്തമാക്കി മോട്ടോർ വെഹിക്കിൾ വകുപ്പ്. കോൺട്രാക്ട് കാരേജ് വാഹനങ്ങളിലെ നിയമലംഘനം പിടികൂടാനായി മോട്ടോർ വെഹിക്കിൾ വകുപ്പ് നടത്തുന്ന പരിപാടിയാണ് ഓപ്പറേഷൻ തണ്ടർ. ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവുപ്രകാരമാണ് സംസ്ഥാനത്തുടനീളം വാഹന പരിശോധന നടത്തുന്നത്. ജില്ലയിൽ ഇന്ന് ഒൻപത് സ്ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. രാവിലെ എട്ടു മുതൽ മുതൽ വൈകിട്ട് അഞ്ച് വരെ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, വാഹനത്തിൻ്റെ രേഖകൾ എന്നിവയാണ് പരിശോധിച്ചതെന്നും ജില്ലയിൽ പരിശോധന തുടരാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിയമലംഘനങ്ങൾ കണ്ടെത്തിയാല്‍ പിഴ ചുമത്തുന്നതിന് പുറമെ ബോധവൽക്കരണം കൂടി നൽകാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. പരിശോധന കർശനമാക്കുന്ന സമയങ്ങളിൽ നിയമലംഘനങ്ങൾ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.