കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയിരുന്നു.
ഇതേ തുടർന്നാണ് ആരോഗ്യനില വഷളായത്. മലപ്പുറം കാളികാവിൽ വെച്ച് തിങ്കളാഴ്‌ച (24.04.23) രാത്രിയാണ് മാമുക്കോയക്ക് ഹൃദയാഘാതം ഉണ്ടായത്. കാളികാവ് പൂങ്ങോട് ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടന്‍. പരിപാടി തുടങ്ങുന്നതിനു മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞു വീണു.
രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നല്‍കി. പുലര്‍ച്ചെ ഒരു മണിയോടെയാണ് നടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന് പതിവ് ചികിത്സ നല്‍കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്. ബന്ധുക്കളുടെ നിര്‍ദേശാനുസരണമായിരുന്നു ഇത്.
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഐസിയു ആംബുലൻസിലാണ് അദ്ദേഹത്തെ കോഴിക്കോട്ടേക്ക് കൊണ്ടു വന്നത്. വണ്ടൂര്‍ പൂങ്ങോട് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഉദ്‌ഘാടനത്തിനെത്തിയ മാമുക്കോയ കാണികള്‍ക്കൊപ്പവും മറ്റും ഫോട്ടോ എടുക്കുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഫുട്‌ബോള്‍ സംഘാടകരാണ് നടനെ ആശുപത്രിയില്‍ എത്തിച്ചത്.
നിരവധി ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ജനപ്രിയ ഹാസ്യ നടനാണ് മാമുക്കോയ. 44 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അദ്ദേഹം മലയാള സിനിമയ്‌ക്ക് സമ്മാനിച്ചത് 450ല്‍ അധികം കഥാപാത്രങ്ങളാണ്. മികച്ച കൊമേഡിയനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ നടന്‍ എന്ന ബഹുമതിയും അദ്ദേഹം സ്വന്തമാക്കി.
കെടി മുഹമ്മദിനൊപ്പം നാടകം, മരം അളവുകാരനായി ജീവിതം, കോഴിക്കോടിന്‍റെ സൗഹൃദം: കല്ലായിയിൽ മരം അളവുകാരൻ ആയിട്ടായിരുന്നു ആദ്യകാലത്ത് ജോലി. കെടി മുഹമ്മദ് അടക്കമുള്ള നാടക പ്രവർത്തകർക്കൊപ്പം സജീവ നാടക രംഗത്ത്. കെടിയുടെ നാടകങ്ങൾ കണ്ടും കേട്ടും പഠിച്ചു പിന്നീട് മെല്ലെ മെല്ലെ സ്റ്റേജുകളിലേക്ക് എത്തി. എന്നും കെടി മുഹമ്മദിന്‍റെ വലംകയ്യായിരുന്നു മാമുക്കോയ.
സിനിമയുടെ ഭാഗമായപ്പോൾ സിബി മലയലിന്‍റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ശ്രീനിവാസനുമായുള്ള അടുപ്പമാണ് പിന്നീട് മാമുക്കോയയെ മലയാള സിനിമയിൽ സജീവമാക്കിയത്. സത്യ അന്തിക്കാടിന്‍റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന് ഒരു വേഷം ഉണ്ടായിരുന്നു. ഒപ്പം പ്രിയദർശന്റെയും പ്രിയപ്പെട്ട നടനായിരുന്നു മാമുക്കോയ. കുതിരവട്ടം പപ്പുവിന് പിന്നാലെ കോഴിക്കോടിന്‍റെ സ്വന്തം ശബ്‌ദവും മുഖവുമായി മാമുക്കോയ മാറി.
കോഴിക്കോട് വലിയ സൗഹൃദവലയമുള്ള മാമുക്കോയുടെ പെട്ടെന്നുണ്ടായ മരണം സുഹൃത്തുക്കളെ സ്തംഭരാക്കിയിരിക്കുകയാണ്. കോഴിക്കോട് അരക്കിണറിലുള്ള വീട്ടിലേക്ക് ആയിരിക്കും മൃതദേഹം ആദ്യം എത്തിക്കുക. പിന്നീട് ടൗൺഹാളിൽ അടക്കം പൊതുദർശനം ഉണ്ടാവാനാണ് സാധ്യത. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അടക്കം മാമുക്കോയയെ സന്ദർശിച്ചിരുന്നു.