കോഴിക്കോട്: അത്തോളി കൊടശേരി അഞ്ചാം വാര്‍ഡിലെ തെറ്റിക്കുന്ന് മലയില്‍ നിന്നും മണ്ണെടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കുറച്ച് മാസങ്ങളായി ഇവിടെ നിന്നും അനധികൃതമായി മണ്ണെടുക്കുന്നതായി നാട്ടുകാര്‍ ആരോപണമുന്നയിച്ചിരുന്നു. മാത്രമല്ല ഇതിനെതിരെ നാട്ടുകാര്‍ തെറ്റിക്കുന്ന് മലസംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ടോറസ് ലോറികളാണ് മണ്ണെടുക്കാന്‍ സ്ഥലത്ത് എത്തിയിരുന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് അത്തോളി പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മണ്ണെടുക്കല്‍ തത്‌കാലം നിര്‍ത്തിവയ്ക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത മണ്ണെടുപ്പ് പ്രദേശത്തെ കുടിവെള്ള സ്രോതസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മണ്ണെടുപ്പ് തടഞ്ഞ് പ്രദേശത്തെ സംരക്ഷിക്കുന്നതിന് അധികൃതര്‍ തയ്യാറാകണമെന്ന് സംരക്ഷണസമിതി ഭാരവാഹികളായ വി.കെ.രമേശ്ബാബു, അജിത്കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.