കോഴിക്കോട് : കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി പി.പി ഷബീറിനെ അത് പ്രവര്‍ത്തിപ്പിച്ചിരുന്ന കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ല ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കേസിലെ മുഖ്യപ്രതിയായ ഷബീറിനെ ഈ മാസം 19ന് വയനാട് പൊഴുതനയിലെ റിസോർട്ടിന് സമീപത്തുവച്ചാണ് പിടികൂടിയത്.
ഇന്ന് (29.08.2022) രാവിലെയാണ് ഷബീറിനെ കോഴിക്കോട് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി കംപ്യൂട്ടർ ഉപകരണ വിതരണ കമ്പനിയുടെ മറവിൽ കോഴിക്കോട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തുകയായിരുന്നു ഇയാൾ. കോഴിക്കോട് പുതിയറയിൽ ദി ലിങ്ക്സ് ഐടി സൊല്യൂഷൻസ് എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ശനിയാഴ്ച കേസിലെ നാലാം പ്രതി ബേപ്പൂർ പാണ്ഡ്യശാലക്കണ്ടി അബ്‌ദുൽ ഗഫൂറിനെയും സിറ്റി ക്രൈംബ്രാഞ്ച് സംഘം വയനാട് റിസോർട്ടിൽവച്ച് പിടികൂടിയിരുന്നു.
പൊറ്റമ്മൽ സ്വദേശി ഹരികൃഷ്ണയിൽ എം.ജി കൃഷ്ണപ്രസാദ്, വിദേശത്തുള്ള മലപ്പുറം സ്വദേശി നിയാസ് കുട്ടശ്ശേരി എന്നിവരാണ് കേസില്‍ ഇനി പിടിയിലാവാനുള്ളത്. ടെലിഫോൺ എക്സ്ചേഞ്ചുകളുടെ ആസൂത്രണവും പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിവിധ വിദേശരാജ്യങ്ങളിലേക്ക് കോളിങ് ആപ്പുകൾ വഴി പ്രതികൾ റൂട്ട് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള അന്വേഷണം.