കോഴിക്കോട്: എല്ല് സംബന്ധമായ രോഗത്തില്‍ വലഞ്ഞ ഒരു രോഗി കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കഴിഞ്ഞ ദിവസം ഡോക്‌ടറെ കാണാൻ ഒപി സമയം അന്വേഷിച്ച് ഫോൺ വിളിച്ചു... കോള്‍ എടുത്ത ജീവനക്കാരി സ്വതസിദ്ധമായ ഭാഷയില്‍ പറഞ്ഞു...
''താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി...
രോഗി: ഹലോ....
ജീവനക്കാരി: പറയൂ
രോഗി: അതേ.. എല്ലിന്‍റെ ഡോക്ടർ എന്നൊക്കെയാ ഉണ്ടാവാന്ന് അറിയാൻ വേണ്ടിയിട്ടായിരുന്നു..
ജീവനക്കാരി: എല്ലിന്‍റെ ഡോക്ടർ ലീവല്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും...
രോഗി: ഏതൊക്കെ ദിവസാ ഉണ്ടാവാ, എല്ലാ ദിവസവും ഉണ്ടാവോ..
ജീവനക്കാരി: ഡോക്ടർ ലീവല്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും..
രോഗി: ഇന്നുണ്ടോ..
ജീവനക്കാരി: ഇന്നുണ്ടോന്ന് 2630142 ൽ വിളിച്ച് നോക്ക്.
ഡോക്ടറെ അന്വേഷിച്ച് കൊയിലാണ്ടി താലൂക്കാശുപത്രി ഫോണിൽ വിളിച്ച രോഗിയോട് മോശമായി സംസാരിച്ച താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കി. ഇന്ന് ചേർന്ന അടിയന്തര ആശുപത്രി മാനേജ്മെന്‍റ് യോഗത്തിലാണ് തീരുമാനമെടുത്തത്. ഇവർക്കെതിരെ കഴിഞ്ഞ ദിവസം വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഫോണിലൂടെയും കത്ത് വഴിയും നിരവധി പരാതിയാണ് നഗരസഭ അധികൃതർക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് ഇന്ന് അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ പുറത്താക്കാൻ തീരുമാനിച്ചത്.