കോഴിക്കോട്: സാമൂഹ്യപ്രവർത്തകയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാവിംഗിൻ്റെ സ്ഥാപക ചെയർപേഴ്‌സണുമായ ഡോ. പി.എ.ലളിത (68) അന്തരിച്ചു.
എരഞ്ഞിപ്പാലം മലബാർ ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്‌ടറായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് തനിക്ക് ഉണ്ടായ അർബുദബാധയെ സധൈര്യം നേരിട്ട ഡോക്ടറുടെ അനുഭവം നിരവധി രോഗികൾക്ക് ആശ്വാസം പകർന്നിരുന്നു. കാൻസർ ബോധവൽകരണ-പ്രതിരോധ പ്രവർത്തനങ്ങളിലും വനിതാശാക്തികരണരംഗത്തും സജീവ സാന്നിധ്യമായിരുന്നു.
ഐഎംഎ കാലിക്കട്ട് ബ്രാഞ്ച് സെക്രട്ടറി, ഇന്ത്യാവിഷൻ ഡയറക്ടർ ബോർഡ് അംഗം, നമ്മുടെ ആരോഗ്യം എന്ന മാസികയുടെ മെഡിക്കൽ അഡ്വൈസർ, എയ്ഞ്ചൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം, ചിത്രാഞ്ജലി സംഘടനയുടെ ചെയർപേഴ്‌സൺ, അന്വേഷി ഉപദേശകസമിതി അംഗം, കാലിക്കട്ട് സിറ്റിസൺസ് ക്ലബ് പ്രസിഡൻ്റ്, സ്‌കാർഫ് കാൻസർ കെയർ പ്രസിഡൻ്റ് കോഴിക്കോട് കോർപറേഷൻ ജാഗ്രതാസമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
എഴുത്തുകാരി കൂടിയായിരുന്ന ഡോ. ലളിതയുടെ ലേഖനങ്ങൾ വിവിധ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്‌കാരം, ഐഎംഎ പുരസ്‌കാരം, ഇൻഡോ അറബ് കോൺഫെഡറേഷൻ പുരസ്‌കാരം, പ്രസാദ്ഭൂഷണം ആവാർഡ്, വുമൺസ് ഐഎംഎയുടെ പുരസ്‌കാരം, ലയൺസ് ക്ലബ് പുരസ്‌കാരം, റോട്ടറി ക്ലബ്, പഞ്ചാബ് നാഷണൽ ബാങ്ക്, മാനവസംസ്‌കൃതി, കാലിക്കട്ട് മാനേജ്‌മെൻ്റ് അസോസിയേഷൻ എന്നിവയുടെ പുരസ്‌കാരങ്ങൾ, ധന്വന്തരി പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
പ്രമുഖ യൂറോളജിസ്റ്റും ട്രാൻസ്പ്ലാൻ്റ് സർജനുമായ ഡോ. വി.എൻ. മോനിയാണ് ഭർത്താവ്. മകൾ: ഡോ. മിലി മോനി. സംസ്‌കാരം നാളെ വൈകുന്നേരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.
ഡോക്ടറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.