കോഴിക്കോട്: രാജ്യത്ത് തന്നെ അപൂർവമായ സൈബർ തട്ടിപ്പിന് ഇരയായി കോഴിക്കോട് സ്വദേശി. ഓൺലൈനിൽ ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിച്ച നടക്കാവ് വണ്ടിപ്പേട്ട സ്വദേശിയുടെ സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്. 3.5 ലക്ഷം രൂപയാണ് നഷ്‌ടമായത്. മൂന്ന് രഹസ്യ കോഡുകളും രണ്ട് ഒടിപി കോഡും ഉൾപ്പെടെയുള്ള സുരക്ഷ മറികടന്നുള്ള തട്ടിപ്പ് ആദ്യത്തേതാണ് പൊലീസ് പറയുന്നു.
വന്ദേ ഭാരത് ട്രെയിനിൽ ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത്. ഇന്ത്യൻ റെയിൽവെയുടെ അംഗീകൃത സൈറ്റായ ഐആർസിടിസി വഴിയാണ് ടിക്കറ്റ് കാൻസൽ ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഫോണിൽ സൈറ്റ് തുറന്നപ്പോൾ സമാനമായ മറ്റൊരു വെബ്സൈറ്റും തുറന്നു. ഇതിൽ ആവശ്യപ്പെട്ട ഒടിപി നമ്പറുകൾ നൽകിയതിന് പിന്നാലെ ടിക്കറ്റ് കാൻസൽ ചെയ്ത പണം അക്കൗണ്ടിൽ തിരിച്ചു എത്തിയതായി മെസേജും വന്നു.
അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 50,000 രൂപ പിൻവലിച്ചതായി കണ്ടത്, പിന്നാലെ മെസേജും വന്നു. സെക്കൻഡുകൾക്കകം വീണ്ടും 50,000 രൂപ കൂടി പിൻവലിക്കപ്പെട്ടു. ഉടൻ ബാങ്കിലെത്തി മാനേജർക്ക് പരാതി നൽകി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സ്ഥിര നിക്ഷേപത്തിലെ മൂന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സർക്കാർ ടെക്നിക്കൽ വകുപ്പിൽ നിന്നു വിരമിച്ച ശേഷം വിദേശത്തു ജോലി ചെയ്യുന്ന വ്യക്തിക്കാണ് പണം നഷ്ടമായത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എഐ തട്ടിപ്പിലും പണം പോയത് കോഴിക്കോട് സ്വദേശിക്ക്: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ കോഴിക്കോട് സ്വദേശി രാധാകൃഷ്ണന് 40,000 രൂപ നഷ്ടമായിരുന്നു. കേസിലെ പ്രതിയായ കൗഷിക് ഷായുടെ അഹമ്മദാബാദിലെ വീട്ടിലും ഓഫീസുകളിലും കേരള പൊലീസ് പരിശോധന നടത്തി. വിവിധ കേസുകളിൽ പ്രതിയായ കൗഷിക് അഞ്ച് വർഷം മുമ്പ് വീട് വിട്ടു പോയ വ്യക്തിയാണ്. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് മറ്റൊരു സൈബർ തട്ടിപ്പ് കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ:ഒരാളുടെ പേരിൽ ഒരേ കമ്പനിയുടെ 658 സിം കാർഡുകൾ ; അന്വേഷണം ആരംഭിച്ച് പൊലീസ്
വിജയവാഡയിലെ ഗുണദാല മേഖലയിൽ ഒരാളുടെ പേരിൽ 658 സിം കാർഡുകൾ കണ്ടെത്തി. സത്യനാരായണപുരം സ്വദേശി പോലുകണ്ട നവീന്‍ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാർഡുകൾ രജിസ്‌റ്റർ ചെയ്‌തത്.
ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെലിക്കമ്മ്യൂണിക്കേഷന്‍സിന്‍റെ അന്വേഷണത്തിലാണ് വിവരങ്ങൾ കണ്ടെത്തിയത്. എഎസ്‌ടിആർ (ആർട്ടിഫിഫ്യൽ ഇന്‍റലിജന്‍സ് ആന്‍ഡ് ഫേഷ്യൽ റക്കഗ്നിഷന്‍ പവേർഡ് സൊല്യൂഷന്‍ ഫോർ ടെലികോം സിം സബ്‌സ്‌ക്രൈബർ വെരിഫിക്കേഷന്‍) സോഫ്‌റ്റ്‌വെയർ സിം കാർഡ് തട്ടിപ്പ് കണ്ടെത്തുകയും ബന്ധപ്പെട്ട നമ്പറുകൾ തടയുകയും ചെയ്‌തു.
ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിശോധനയിലാണ് വ്യാജ രേഖകൾ ഉപയോഗിച്ച് ഒരാൾ തന്നെ നിരവധി സിമ്മുകൾ എടുത്തതായി കണ്ടെത്തിയത്.കൂടാതെ അജിത്‌സിങ്ങ് നഗർ, വിസ്സന്നപേട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിൽ 150 സിം കാർഡുകൾ കൂടി വ്യാജ രേഖകൾ ഉപയോഗിച്ച് ഇത്തരത്തിൽ നൽകിയതായും അന്വേഷണ സംഘം കണ്ടെത്തി.