കോഴിക്കോട് : പ്രസാധന രംഗത്തെ പെൺകൂട്ടായ്‌മയായ 'സമത എ സെലക്‌ടീവ് ഫോർ ജെൻഡർ ജസ്റ്റീസ്' നൽകുന്ന 'ജൈവകീർത്തി' പുരസ്‌കാരം പ്രഖ്യാപിച്ചു. കൊടിയത്തൂർ വാലില്ലാപുഴ സ്വദേശിയായ 86കാരി ചെടിയമ്മ എന്ന അന്നമ്മ ദേവസ്യയാണ് പുരസ്‌കാരത്തിന് അർഹയായത്. ഇരുപതിനായിരം രൂപയും ഫലകവുമാണ് ഉപഹാരം.
നാട്ടുവൈദ്യ ചികിത്സയിലൂടെയും ഔഷധസസ്യ പരിപാലനത്തിലൂടെയും ഹരിത കേരളത്തിന്‍റെ അറിവുകളെ പുതുതലമുറയ്‌ക്ക് പകർന്നുനൽകിയതാണ് അന്നമ്മയെ ജൈവകീർത്തി പുരസ്‌കാരത്തിന് അർഹയാക്കിയത്.
വാലില്ലാപുഴയിൽ അന്നമ്മയുടെ വീട്ടിൽ സമത മാനേജിങ് ഡ്രസ്റ്റി ഉഷാകുമാരിയുടെ അധ്യക്ഷതയിൽ തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് പുരസ്‌കാരം വിതരണം ചെയ്തു.
ALSO READ: ആറൻമുളയപ്പന് സദ്യയ്ക്കുള്ള വിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ തിരുവോണത്തോണി യാത്ര തുടങ്ങി
അംഗീകാരത്തില്‍ സന്തോഷമറിയിച്ച അന്നമ്മ, പാരമ്പര്യ വൈദ്യ കുടുംബത്തിൽ ജനിച്ച തനിക്ക് മുക്കത്തെ ഹൈലൈഫ് ആയുർവേദ ആശുപത്രിയാണ് കൂടുതൽ പഠനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയതെന്ന് വിശദീകരിച്ചു.
പ്രകൃതി മിത്ര -വനമിത്ര പുരസ്‌കാര ജേതാവ് മുക്കം സ്വദേശി ദാമോദരൻ കോഴഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു. സസ്യശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാളിന്‍റെ സ്‌മരണയ്‌ക്കേർപ്പെടുത്തിയ ജ്വാല പുരസ്‌കാരത്തിന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അർഹയായി.