കോട്ടയം : നിയമസഭ സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയിൽ. തിരുവനന്തപുരം മാറനല്ലൂർ മംഗളേരി വീട്ടിൽ പ്രവീൺ ബാലചന്ദ്രനെ(35)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോലി നല്കാമെന്ന് പറഞ്ഞ് പലരിൽ നിന്നായി പണം വാങ്ങി ഇയാൾ വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയിരുന്നു.
പിടിക്കുമെന്ന് ഉറപ്പമായാല്‍ സ്ഥലം വിടും
15,000, 20,000, 50,000 എന്നിങ്ങനെ തുകകളാണ് ഉദ്യോഗാർഥികളിൽ നിന്നും ഇയാൾ വാങ്ങിയത്. ഇതോടൊപ്പം നിയമന ഉത്തരവും നല്‍കിയിരുന്നു. വ്യാജമായി നിർമിച്ച സീലും പതിച്ചിരുന്നു. വിവിധ വകുപ്പുകളുടെ വ്യാജ ഐ.ഡി നിർമിച്ചായിരുന്നു ഇത്തരം നിയമന ഉത്തരവുകൾ ഉദ്യോഗാർഥികൾക്ക് നല്‍കിയിരുന്നത്.
READ MORE: സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് : ഡി.ജി.പിയ്ക്ക് പരാതി നല്‍കി
ജല വകുപ്പ്, ടൂറിസം വകുപ്പ് എന്നീ വിഭാഗങ്ങളിലേക്കായിരുന്നു നിയമന ഉത്തരവുകൾ പലതും. പല സ്ഥലങ്ങളിലായി മാറി മാറി വാടകയ്ക് താമസിച്ച് പിടിക്കപ്പെടുമെന്നാകുമ്പോൾ സ്ഥലം മാറിപ്പോകുന്ന രീതിയായിരുന്നു ഇയാളുടേത്. ഒരു മാസത്തോളം കുമാരനല്ലൂരിലെ ഫ്ലാറ്റിൽ താമസിച്ചാണ് തട്ടിപ്പ് നടത്തിവന്നിരുന്നത്.
വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍
പിടികൂടുമെന്നായപ്പോൾ തൃശൂരിലേയ്ക് ഇയാൾ താമസം മാറ്റുകയായിരുന്നു. ഇവിടുത്തെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് ഗാന്ധിനഗർ പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുവച്ച് അണ്ടർ സെക്രട്ടറിയുടെ പി.എ എന്ന നിലയിലായിരുന്നു തട്ടിപ്പ്. പാല, തൃശൂർ സ്റ്റേഷനുകളിലും നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.
429,416 എന്നീ വകുപ്പുകൾക്ക് പുറമെ വ്യാജ മെയിൽ ഐഡി ചമച്ച് തട്ടിപ്പ് നടത്തിയതിന് ഐ.ടി വകുപ്പ് ചുമത്തിയും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കോട്ടയം ഡി.വൈ.എസ്.പി എം. അനിൽകുമാർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ശേഷമേ, തട്ടിപ്പിന്‍റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.