കോട്ടയം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ നഗരങ്ങൾ സജീവമായി. പ്രധാന റോഡുകളെല്ലാം വാഹനങ്ങളെ കൊണ്ട് നിറഞ്ഞതോടെ കോട്ടയം - കുമളി സംസ്ഥാന പാതയിൽ കാഞ്ഞിരപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കോട്ടയം നഗരം കഴിഞ്ഞാൽ ജില്ലയിൽ എറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാകുന്ന പ്രദേശമാണ് കാഞ്ഞിരപ്പള്ളി. പേട്ടക്കവലയാണ് ഗതാഗതക്കുരുക്കിന്‍റെ പ്രധാന കേന്ദ്രം. ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതം. ട്രാഫിക്ക് നിയമം ലംഘിച്ച് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസുമില്ല. ക്ഷമ നശിക്കുന്നതോടെ യാത്രക്കാർ ഗതാഗത നിയന്ത്രണം ഏറ്റെടുക്കുന്നതും കാഞ്ഞിരപ്പള്ളിയില്‍ സ്ഥിരം കാഴ്ചയാണ്.
ഗതഗതക്കുരുക്ക് ഒഴിവാക്കാൻ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മിന്നി ബൈപ്പാസ് നിർമാണം നടത്തിയിരുന്നങ്കിലും, പുതിയ ഭരണസമിതി പദ്ധതി പൂർണമായും ഉപേക്ഷിച്ചതായി ആരോപണമുണ്ട്. പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടാൽ തുക അനുവദിക്കാൻ തയ്യാറാണെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യക്തമാക്കി. അതെ സമയം കാഞ്ഞിരപ്പള്ളിയിൽ ബൈപ്പാസ് നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായാണ് വിവരം. അടിയന്തരമായി ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.