കോട്ടയം: വാഴൂര്‍ മൂലേപ്പീടികയില്‍ ആരംഭിച്ച കള്ള് ഷാപ്പിനെതിരെ ജനകീയ സമരം ശക്തമാകുന്നു. എത്ര ദിവസം സമരം നടത്തേണ്ടി വന്നാലും ജനവാസ കേന്ദ്രത്തില്‍ നിന്നും ഷാപ്പ് മാറ്റുമെന്ന ദൃഢനിശ്ചയത്തിലാണ് നാട്ടുകാര്‍. ഒക്‌ടോബര്‍ രണ്ടിനാണ് വാഴൂരിലെ പതിനാറാം വാര്‍ഡ് മൂലേപ്പീടികയില്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ കള്ള് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.
മൂലേപ്പീടിക ബസ് സ്റ്റോപ്പിന് സമീപമുള്ള കെട്ടിടത്തിലാണ് ഷാപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. ഷാപ്പില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള ജി.ഐ.ടി എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ ബസ് കാത്ത് നില്‍ക്കുന്നത് ഇതേ ബസ് സ്റ്റോപ്പിലാണ്. ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സമരസമിതി ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഷാപ്പ് തുറന്നതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ നാല് മുതല്‍ പ്രദേശവാസികള്‍ സമരം തുടങ്ങിയിരുന്നു. സമരത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഷാപ്പ് അടപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കോടതി ഉത്തരവ് അനുകൂലമായതിനെ തുടര്‍ന്ന് ഷാപ്പ് വീണ്ടും തുറന്നു. ഇതിനെതിരെയാണ് സമര സമിതി രൂപീകരിച്ച് വീണ്ടും സമരം ആരംഭിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ശോശാമ്മ റെജി പറഞ്ഞു.
ഷാപ്പ് മാറ്റി സ്ഥാപിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും റോഡിന് സമീപം ഷാപ്പ് ആരംഭിച്ചത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുമെന്നും നാട്ടുകാരനും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായിരുന്ന ജി.രാമൻ നായർ പറഞ്ഞു. തിരക്കേറിയ റോഡില്‍ നിന്ന് ഒരു മീറ്റര്‍ പോലും അകലമില്ലാത്ത കെട്ടിടത്തില്‍ ഷാപ്പ് ആരംഭിക്കാന്‍ ലൈസന്‍സ് ലഭിച്ചത് എങ്ങനെയെന്ന് സമരസമിതി അംഗമായ മുകുന്ദന്‍ ചോദിക്കുന്നു. മാത്രമല്ല വെള്ളത്തിന്‍റെ ലഭ്യതയോ, ശുചിമുറി സൗകര്യങ്ങളോ, വാഹന പാര്‍ക്കിങ് സൗകര്യമോ ഇവിടെയില്ലെന്നും വിഷയം സംബന്ധിച്ച് ജില്ല കലക്‌ടര്‍, ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.